ബെംഗളൂരു– തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകൾ വീണ്ടും ചൂണ്ടിക്കാട്ടി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മിഷൻ ഡിജിറ്റൽ മെഷീൻ റീഡബിൾ വിവരങ്ങൾ കൈമാറിയാൽ നരേന്ദ്ര മോദി വോട്ട് മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായതെന്ന് തെളിയിക്കാമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. വോട്ടുകൊള്ള ഭരണഘടയുടെ അടിസ്ഥാന മൂല്യങ്ങൾക്ക് പ്രഹരമേൽപിച്ചെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരിൽ സംഘടിപ്പിച്ച ‘നമ്മുടെ വോട്ട്, നമ്മുടെ അവകാശം, നമ്മുടെ പോരാട്ടം പ്രതിഷേധ റാലിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
കോൺഗ്രസ് മഹാരാഷ്ട്ര ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കുകയും 4 മാസം കഴിഞ്ഞു നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടം ബിജെപിക്കായി മാറുകയും ചെയ്തതാണ് സംശയത്തിന്റെ തുടക്കം. ഒരു കോടി പുതിയ വോട്ടർമാരാണ് മഹാരാഷ്ട്രയിൽ ബിജെപിക്കായി നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്. പരിശോധനയിൽ കോൺഗ്രസിന്റെ ഉറച്ച വോട്ടുകൾ കുറഞ്ഞതായി കണ്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
മഹാരാഷ്ട്ര, ഹരിയാന, കർണാടക എന്നിവിടങ്ങളിലെ വോട്ടർപട്ടികയിലെ അട്ടിമറി പുറത്തുവിട്ടതിനെ പിന്നാലെ മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കമ്മിഷനാണ് രാഹുൽ ഗാന്ധിയോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടത്. സത്യപ്രതിജ്ഞ പാർലമെന്റിനുള്ളിലും ഭരണഘടനയിലും ചെയ്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇതിനു പുറമെ, ഡിജിറ്റൽ മെഷീൻ റീഡബിൾ ഡാറ്റകൾ നൽകാത്തത് എന്തുകൊണ്ട്, വീഡിയോ തെളിവുകൾ നശിപ്പിക്കുന്നതും വോട്ടർ പട്ടികയിലെ തട്ടിപ്പും എന്തിനാണ്, എന്നിങ്ങനെ അഞ്ചു ചോദ്യങ്ങളും രാഹുൽ ഗാന്ധി ഉന്നയിച്ചു.
കർണാടക നിയമസഭാ മണ്ഡലങ്ങളിലൊന്നായ മഹാദേവപുര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ വിവരങ്ങൾ ആറുമാസം കൊണ്ട് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഒരു ലക്ഷത്തിൽ പരം വ്യാജ വോട്ടുകളാണ്. ഒരു വ്യക്തിക്ക് തന്നെ പല പോളിങ് ബൂത്തുകളിൽ വോട്ട്, വ്യാജ മേൽവിലാസങ്ങൾ, ഒരു അഡ്രസ്സിൽ ഒരുപാട് വോട്ടർമാർ, കൃത്യമല്ലാത്ത വിവരങ്ങൾ എന്നിങ്ങനെ പല തരത്തിലുള്ള ക്രമക്കേടുകളാണ് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയത്.