കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ പ്രശസ്ത തീര്‍ഥാടന കേന്ദ്രമായ താരപീഠിലെ ഹോട്ടലിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഏഴ് തീര്‍ഥാടകര്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നിരവധിപ്പേരെ അതീവ ഗുരുതരാവസ്ഥയില്‍ രാംപൂര്‍ഹട്ട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തരാപീഠ് ക്ഷേത്ര നഗരിക്കടുത്ത് തിങ്കളാഴ്ച്ച പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. നഗരത്തിലെ പ്രശസ്തമായ കാളി ക്ഷേത്രത്തില്‍ തീര്‍ഥാടനത്തിനെത്തിയവരാണ് മരിച്ചതെന്ന് ന്യൂസ് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.നാല് നിലകളുള്ള ഹോട്ടലിന്റെ ഏറ്റവും താഴത്തെ നിലയിലാണ് അപകടനം നടന്നത്. താഴത്തെ നിലയിലുള്ള (ഗ്രൗണ്ട് ഫ്‌ലോര്‍) റിസപ്ഷന്‍ ഭാഗത്താണ് ആദ്യം തീപിടിത്തമുണ്ടായതെന്നാണ് പ്രാദേശിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുലര്‍ച്ചയായതിനാലും പ്രദേശം മുഴുവന്‍ കനത്ത മഴയായിരുന്നതിനാലും തീ പടരുന്നത് ആരുടെയും ശ്രദ്ധയില്‍ പെട്ടില്ല. ഈ സമയം മുറികളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന തീര്‍ഥാടകര്‍ക്ക് പുറത്തുകടക്കാന്‍ സാധിച്ചതുമില്ല. ഹോട്ടലില്‍ ആവശ്യമായ അഗ്‌നിസുരക്ഷാ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതും മുറികളില്‍ കനത്ത പുക നിറഞ്ഞതും മരണസംഖ്യ ഉയരാന്‍ കാരണമായതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാഥമിക നിഗമനപ്രകാരം ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായി കണക്കാക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group






