2010 മെയ് 22, മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാന ദുരന്തത്തിന്റെ ഓർമകൾ ഇന്ന് ഒന്നര പതിറ്റാണ്ട് പിന്നിടുകയാണ്. ദുബായിൽ നിന്ന് മംഗലാപുരം ബാജ്പെ വിമാനത്താവളത്തിലേക്ക് പറന്ന എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലൈറ്റ് IX-812 ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി, സിഗ്നൽ ടവറുമായി കൂട്ടിയിടിച്ച് താഴെയുള്ള കുഴിയിലേക്ക് വീണാണ് വൻദുരന്തമുണ്ടായത്. നാടിനെയും പ്രവാസലോകത്തെയും നടുക്കിയ ദുരന്തത്തിൽ 158 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്; നെടുകെ പിളർന്ന വിമാനത്തിൽ നിന്ന് തെറിച്ചുവീണ എട്ടു പേർ മാത്രം അത്ഭുതകരമായി രക്ഷപ്പെട്ടു.
പ്രവാസികളുടെ നൊമ്പരം
ദുരന്തത്തിൽ കൊല്ലപ്പെട്ട യാത്രക്കാരിൽ ഭൂരിഭാഗവും ഗൾഫിൽ ജോലി ചെയ്യുന്ന, വടക്കൻ മലബാറിൽ നിന്നുള്ള മലയാളികളായിരുന്നു. വിവിധ എമിറേറ്റുകളിൽ കഫ്റ്റീരിയയിൽ ജോലി ചെയ്തിരുന്നവർ മുതൽ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവരും ബിസിനസുകാരുമെല്ലാം ദുരന്തത്തിന് ഇരകളായി. അവധിക്കാലത്ത് കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങിയവർ, സ്വപ്നങ്ങളും പ്രതീക്ഷകളുമായി വന്നവർ, പക്ഷേ, ഒരു നിമിഷം കൊണ്ട് എല്ലാം തകർന്നു. കേരളത്തിൽ നിന്നുള്ള 30-ലധികം കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും കഴിഞ്ഞില്ല. 12 മൃതദേഹങ്ങൾ തിരിച്ചറിയപ്പെടാതെ, ഫല്ഗുനി നദീതീരത്ത് പനമ്പൂരിൽ സംസ്കരിക്കപ്പെട്ടു.
അശ്രദ്ധ, അവഗണന… ദുരന്തത്തിന്റെ കാരണങ്ങൾ
മംഗലാപുരം വിമാനത്താവളം, മലയോര പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാൽ, ‘ക്രിട്ടിക്കൽ എയർഫീൽഡ്’ ആയാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ടേബിൾടോപ്പ് റൺവേയിൽ ലാൻഡ് ചെയ്യാൻ അതീവ ശ്രദ്ധയും കരുതലും വേണം. ഇവിടെ ലാൻഡിംഗിന് ക്യാപ്റ്റന്റെ നേരിട്ടുള്ള നിയന്ത്രണം ആവശ്യമാണ്. എന്നാൽ, ഫസ്റ്റ് ഓഫീസറുടെ മൂന്ന് തവണയുള്ള “ഗോ-അറൗണ്ട്” നിർദേശങ്ങൾ അവഗണിച്ച ക്യാപ്ടന്റെ നടപടി അസ്ഥിരമായ ലാൻഡിംഗിനും ദുരന്തത്തിനും കാരണമായി.
പൈലറ്റുമാരിൽ ഒരാൾ കോക്ക്പിറ്റിൽ ഉറങ്ങുകയായിരുന്നുവെന്നും നിർദേശിക്കപ്പെട്ട 2,000 അടിക്കു പകരം 4,400 അടി ഉയരത്തിൽ നിന്നു തന്നെ വിമാനം താഴാൻ ആരംഭിച്ചുവെന്നും ദുരന്തത്തിനു ശേഷം നടത്തിയ അന്വേഷണത്തിൽ വെളിപ്പെട്ടു. റൺവേ 300 മീറ്ററിൽ നിലം തൊടേണ്ട വിമാനം 1,414 മീറ്റർ മാർക്കിലാണ് തൊട്ടത്. റൺവേയിൽ ഓടിത്തീർക്കാൻ ആവശ്യമായ ദൂരം ഇല്ലെന്ന് തിരിച്ചറിഞ്ഞ പൈലറ്റ് വീണ്ടും ടേക്ക്ഓഫ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് വിമാനം സിഗ്നൽ ടവറിൽ തട്ടി വിമാനം കുന്നിൻചെരിവിലേക്ക് വീണ് തീപിടിച്ചത്.
നഷ്ടപരിഹാരവും നീതിയും
ദുരന്തത്തിനു ശേഷം, ഇരകളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരമായി 72 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചിരുന്നെങ്കിലും, മോൺട്രിയൽ കൺവെൻഷൻ പ്രകാരമുള്ള ന്യായമായ നഷ്ടപരിഹാരത്തിനായി മംഗലൂർ എയർ ക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷൻ 15 വർഷമായി നിയമപോരാട്ടം നടത്തുന്നു. 2020-ൽ, സുപ്രീം കോടതി ഒരു ഇരയുടെ കുടുംബത്തിന് 7.64 കോടി രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് വിധിച്ചത് ഒരു വലിയ നാഴികക്കല്ലായിരുന്നു. എന്നാൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് അവർ അർഹിക്കുന്ന നഷ്ടപരിഹാരമോ, രക്ഷപ്പെട്ടവർക്ക് സർക്കാർ പ്രഖ്യാപിച്ച ജോലിയോ ഇനിയും ലഭിച്ചിട്ടില്ല.
വിമാന സുരക്ഷയിലേക്കുള്ള പാഠങ്ങൾ
മംഗലാപുരം ദുരന്തം, വിമാന സുരക്ഷയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നു. കരിപ്പൂർ അടക്കം, ‘ടേബിൾ-ടോപ്പ്’ റൺവേകളുള്ള വിമാനത്താവളങ്ങളിൽ കൂടുതൽ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യമാണെന്ന് ഈ ദുരന്തം വ്യക്തമാക്കി. ഇന്ത്യയിലെ മറ്റ് ‘ക്രിട്ടിക്കൽ എയർഫീൽഡുക’ളിലും സുരക്ഷ മെച്ചപ്പെടുത്തുന്ന നടപടികൾക്ക് ദുരന്തം കാരണമായി.