ഹൈദരാബാദ്– ബിസിനസ് ആവശ്യത്തിനായി ഹൈദരാബാദിലെത്തിയ കോഴിക്കോട് സ്വദേശിയായ യുവാവിന് നേരെ വെടിവെപ്പ്. കോഴിക്കോട് സ്വദേശിയായ വസ്ത്രവ്യാപാരി റിൻഷാദ് പി.വി (26) യ്ക്കാണ് വെടിയേറ്റത്. ശനിയാഴ്ച രാവിലെ ഹൈദരാബാദിലെ കോട്ടിയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ആക്രമണത്തിന് ശേഷം പ്രതികൾ റിൻഷാദിന്റെ പക്കലുണ്ടായിരുന്ന ആറ് ലക്ഷം രൂപയുമായി കടന്നുകളഞ്ഞു.
ജനുവരി 7-നാണ് റിൻഷാദ് വസ്ത്രങ്ങൾ വാങ്ങാനായി ഹൈദരാബാദിലെത്തിയത്. എന്നാൽ കച്ചവടം നടക്കാത്തതിനെത്തുടർന്ന് കയ്യിലുള്ള പണം അക്കൗണ്ടിൽ നിക്ഷേപിക്കാൻ ബന്ധു നിർദേശിക്കുകയായിരുന്നു. ജനുവരി 31-ന് രാവിലെ ഏഴ് മണിയോടെ സുഹൃത്തിന്റെ ബൈക്കിൽ കോട്ടി ബാങ്ക് സ്ട്രീറ്റിലെ എ.ടി.എമ്മിൽ എത്തിയതായിരുന്നു റിൻഷാദ്. ബാങ്കിന് പുറത്ത് നിൽക്കുകയായിരുന്ന റിൻഷാദിനെ പിന്നിലൂടെ എത്തിയ രണ്ട് പേർ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും രണ്ട് തവണ വെടിയുതിർക്കുകയും ചെയ്തു. വലതുകാലിൽ വെടിയേറ്റ റിൻഷാദ് നിലത്തുവീണതോടെ പ്രതികൾ പണമടങ്ങിയ ബാഗുമായി രക്ഷപ്പെട്ടു. റിൻഷാദ് എത്തിയ ബൈക്കിന്റെ താക്കോലും എടുത്താണ് പ്രതികൾ സ്ഥലം വിട്ടത്.
അക്രമികൾ ബൈക്കിൽ ചാദർഘട്ട്, കച്ചിഗുഡ ഭാഗങ്ങളിലേക്ക് കടന്നതായാണ് വിവരം. കച്ചിഗുഡയിൽ ബൈക്ക് ഉപേക്ഷിച്ച പ്രതികൾ വസ്ത്രം മാറിയ ശേഷം കാൽനടയായി രക്ഷപ്പെട്ടതായി സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായിട്ടുണ്ട്. സുൽത്താൻ ബസാർ പൊലീസ് വധശ്രമത്തിനും കവർച്ചയ്ക്കും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റിൻഷാദിന്റെ പക്കൽ പണമുണ്ടെന്ന വിവരം ആരെങ്കിലും ചോർത്തി നൽകിയതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പരിക്കേറ്റ റിൻഷാദ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. പ്രതികളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻ തന്നെ കൺട്രോൾ റൂമിൽ അറിയിക്കണമെന്ന് ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ വി.സി. സജ്ജനാർ അഭ്യർത്ഥിച്ചു.



