മുംബൈ– മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ബാരാമതിയിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ വിമാനം പൂർണ്ണമായും കത്തിനശിക്കുകയും പൈലറ്റ് ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറുപേരും കൊല്ലപ്പെടുകയും ചെയ്തു. അജിത് പവാറിനെ കൂടാതെ അദ്ദേഹത്തിന്റെ രണ്ട് അംഗരക്ഷകർ, രണ്ട് സഹപ്രവർത്തകർ, പൈലറ്റ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഇന്ന് രാവിലെ എട്ട് മണിയോടെ മുംബൈയിൽ നിന്ന് പുറപ്പെട്ട വിമാനം എട്ട് മുക്കാൽ കഴിഞ്ഞപ്പോഴാണ് അപകടത്തിൽപ്പെട്ടത്. ബാരാമതിയിൽ നിശ്ചയിച്ചിരുന്ന രാഷ്ട്രീയ യോഗങ്ങളിൽ പങ്കെടുക്കാനാണ് അദ്ദേഹം യാത്ര തിരിച്ചത്. ലാൻഡിംഗ് ഘട്ടത്തിലാണ് വിമാനം തകർന്നു വീണതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവം നടന്ന ഉടൻ തന്നെ അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തിയിരുന്നുവെങ്കിലും വിമാനം പൂർണ്ണമായും കത്തിയമർന്നതിനാൽ ആരെയും രക്ഷിക്കാനായില്ല. വിമാനത്തിലുണ്ടായിരുന്ന മറ്റ് യാത്രക്കാരുടെ കൂടുതൽ വിവരങ്ങൾ വരും മണിക്കൂറുകളിൽ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രിയ നേതാവിന്റെ ആകസ്മിക വിയോഗം മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.



