ന്യൂഡൽഹി– മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥയിലെ പരാമർശങ്ങളെച്ചൊല്ലി ലോക്സഭയിൽ ഭരണ-പ്രതിപക്ഷ പോര്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ വെളിപ്പെടുത്തലുകളാണ് സഭയെ പ്രക്ഷുബ്ധമാക്കിയത്. ചൈനീസ് കടന്നുകയറ്റം സംബന്ധിച്ച ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച രാഹുലിനെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ആഭ്യന്തരമന്ത്രി അമിത് ഷായും നേരിട്ടതോടെ സഭ രണ്ടുതവണ തടസ്സപ്പെട്ടു.
ജനറൽ നരവനെയുടെ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന ആത്മകഥയിലെ ഭാഗങ്ങൾ ഉദ്ധരിച്ചാണ് രാഹുൽ പ്രസംഗിച്ചത്. 2020-ലെ ലഡാക്ക് സംഘർഷം, ഡോക്ലാമിലെ ചൈനീസ് ടാങ്കുകളുടെ സാന്നിധ്യം എന്നിവയെക്കുറിച്ച് പുസ്തകത്തിൽ പരാമർശമുണ്ടെന്നും സർക്കാർ സമ്മർദ്ദം മൂലം ഈ പുസ്തകം പുറത്തിറങ്ങുന്നത് തടഞ്ഞിരിക്കുകയാണെന്നും രാഹുൽ ആരോപിച്ചു. ഈ പുസ്തകത്തിൽ പറയുന്ന കാര്യങ്ങൾ സത്യമാണ്, ഇതിൽ രാജ്‌നാഥ് സിംഗിനെക്കുറിച്ചും പരാമർശമുണ്ടെന്നും രാഹുൽ സ്പീക്കറോട് പറഞ്ഞു.
രാഹുലിന്റെ ആരോപണങ്ങൾക്കെതിരെ ഉടൻതന്നെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. പ്രസിദ്ധീകരിക്കാത്ത ഒരു പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉദ്ധരിക്കാൻ ചട്ടപ്രകാരം കഴിയില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പുസ്തകം പുറത്തിറങ്ങിയിട്ടില്ല. അതിലെ ഉള്ളടക്കം ശരിയാണെങ്കിൽ അത് തീർച്ചയായും പ്രസിദ്ധീകരിക്കപ്പെടുമായിരുന്നു. ആരെങ്കിലും അത് തെറ്റായി തടഞ്ഞിട്ടുണ്ടെങ്കിൽ നരവനെക്ക് കോടതിയെ സമീപിക്കാമായിരുന്നില്ലെന്ന് രാജ്‌നാഥ് സിംഗ് ചോദിച്ചു.
ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്നതിന് മുൻപ് അതിലെ വിവരങ്ങൾ സഭാരേഖകളിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് സ്പീക്കർ ഓം ബിർളയും പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും വ്യക്തമാക്കി. രാജ്യസ്നേഹമില്ലാത്ത നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് ബി.ജെ.പി എം.പി നിഷികാന്ത് ദുബെയും ആരോപിച്ചു.
സഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ രാഹുൽ ഗാന്ധി സർക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ചു. എന്തിനാണ് അവർ ഭയക്കുന്നത്? രാജ്യത്തിന്റെ അതിർത്തി കൈയേറിയോ ഇല്ലയോ എന്നത് രണ്ടാമത്തെ കാര്യമാണ്. എന്നാൽ ഒരു രാജ്യത്തെ നേതാവ് കൃത്യമായ ദിശാബോധം നൽകുന്നതിന് പകരം തീരുമാനങ്ങളിൽ നിന്ന് ഒളിച്ചോടുന്നത് ശരിയല്ലെന്ന് രാഹുൽ പറഞ്ഞു.
2024 തുടക്കത്തിൽ പുറത്തിറങ്ങേണ്ടിയിരുന്ന നരവനെയുടെ പുസ്തകം ലഡാക്ക് സംഘർഷം, അഗ്നിപഥ് പദ്ധതി തുടങ്ങിയ സെൻസിറ്റീവ് വിഷയങ്ങളിൽ പ്രതിരോധ മന്ത്രാലയത്തിന്റെ പരിശോധന തുടരുന്നതിനാൽ ഒരു വർഷത്തിലേറെയായി വൈകുകയാണ്.



