ചെന്നൈ- ചിന്നക്കണ്ണൻ ശിവശങ്കർ, ഒരു കാലത്ത് കയ്യിലുണ്ടായിരുന്നത് രണ്ട് സ്വകാര്യ ദ്വീപുകൾ, ചെന്നൈയിലെ 71 മുറികളുള്ള ഒരു വമ്പൻ മാളിക, ലോകമെമ്പാടുമുള്ള റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിലെ ഉടമസ്ഥാവകാശം, എയർസെൽ മൊബൈൽ സേവന കമ്പനിയുടെ ഉടമ, വ്യവസായ ലോകത്ത് ശിവ എന്നറിയിപ്പെടുന്ന ചിന്നകണ്ണൻ ശിവശങ്കരന് എണ്ണിയാലൊടുങ്ങാത്ത സമ്പാദ്യമുണ്ടായിരുന്നു ഒരു കാലത്ത്. ഇപ്പോൾ ആകെ തകർന്നു തരിപ്പണമായ തന്റെ വ്യവസായ സാമ്രാജ്യത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് ശിവ. ലളിത ജീവിതം നയിക്കുന്ന താൻ ദരിദ്രനല്ലെന്നും തകർന്നിരിക്കുകയാണെന്നും ഈയിടെ പുറത്തുവന്ന പോഡ്കാസ്റ്റിൽ ശിവ പറഞ്ഞു.
ശിവശങ്കരൻ എന്ന ശിവയുടെ കഥ ആകർഷണീയമായ ജീവചരിത്ര സിനിമ പോലെയാണ്. തമിഴ്നാട്ടിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ശിവ, ഇന്ത്യയുടെ വ്യവസായ മേഖലയിൽ അസാധാരണമായ വിജയയാത്രയാണ് നടത്തിയത്. ഒരു ബില്യൺ ഡോളറിന്റെ സാമ്രാജ്യം പടുത്തുയർത്തിയ ശിവക്ക് പിന്നീട് അവയെല്ലാം നഷ്ടമായി. അടുത്തിടെ ദി രൺവീർ ഷോയിൽ സംസാരിക്കവെയാണ്, ഈ മുൻ ടെലികോം രാജാവ് തന്റെ അവിശ്വസനീയമായ ഉയർച്ചയും തിരിച്ചടികളും വെളിപ്പെടുത്തിയത്. “ഞാൻ ദരിദ്രനല്ല, തൽക്കാലം തകർന്നിരിക്കുകയാണെന്നാണ് ശിവ പറയുന്നത്.
1980-കളിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ രംഗത്ത് ചെറിയ തുടക്കത്തോടെയാണ് ശിവയുടെ സംരംഭക യാത്ര ആരംഭിച്ചത്. ശിവയുടെ സ്റ്റെർലിംഗ് കമ്പ്യൂട്ടേഴ്സ് ലിമിറ്റഡ് (STC), 1990-കളിൽ ഇന്ത്യയുടെ ഐടി മേഖലയിലെ പ്രമുഖ നാമങ്ങളിൽ ഒന്നായിരുന്നു. ടെലികോം മേഖലയിലാണ് ശിവ കൂടുതൽ ശ്രദ്ധ ചെലുത്തിയത്. 1999-ൽ, ഏയർസെൽ എന്ന മൊബൈൽ സേവന കമ്പനി സ്ഥാപിച്ചു. അത് ഇന്ത്യയിലെ ടെലികോം വ്യവസായത്തിൽ വിപ്ലവം സൃഷ്ടിച്ചു. ഏയർസെൽ അതിവേഗം വളർന്നു, ലക്ഷക്കണക്കിന് ഉപഭോക്താക്കളെ ആകർഷിച്ച് ശക്തമായ ബ്രാൻഡായി മാറി. 2006-ൽ, ശിവ ഏയർസലിന്റെ 74% ഓഹരി മലേഷ്യ ആസ്ഥാനമായ മാക്സിസ് കമ്മ്യൂണിക്കേഷൻസിന് വിറ്റു. ഇതാണ് ശിവയെ കുരുക്കിയത്. ഈ ഇടപാട്, ടെലികോം മേഖലയെയും രാഷ്ട്രീയ മണ്ഡലങ്ങളെയും ഞെട്ടിച്ച 2G സ്പെക്ട്രം തട്ടിപ്പ് കേസിൽ അകപ്പെട്ടു. മറ്റുള്ളവർ ക്രിമിനൽ വിചാരണ നേരിട്ടപ്പോൾ, ശിവയും നിയമപരമായ പ്രശ്നങ്ങളിലും കടക്കെണിയിലായി. 2018-ൽ, ഏയർസെൽ പാപ്പരായി പ്രഖ്യാപിച്ചു. തനിക്ക് വ്യക്തിപരമായി 7,000 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ശിവ അവകാശപ്പെട്ടു.
“എനിക്ക് എല്ലാം ഉണ്ടായിരുന്നു. സമ്പത്ത്, സ്വത്തുക്കൾ, അംഗീകാരം. പിന്നെ എല്ലാം നഷ്ടപ്പെടുന്നത് ഞാൻ കണ്ടു,” ശിവ പറഞ്ഞു. ഒരുകാലത്ത് നാലു ബില്യൺ ഡോളറിലധികം വിലമതിച്ചിരുന്ന ആസ്തി, ഏയർസലിന്റെ തകർച്ചയോടും അത് മറ്റ് സംരംഭങ്ങളിൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളോടും കൂടി അപ്രത്യക്ഷമായി.
ഒരുകാലത്ത് ശതകോടീശ്വരന്മാരോടൊപ്പം ഭക്ഷണം കഴിക്കുകയും തന്റെ ആഡംബര മാളികകളിൽ പ്രമുഖരെ സൽക്കരിക്കുകയും ചെയ്ത ശിവ, തന്റെ കഥ ഇവിടെ അവസാനിക്കുന്നില്ലെന്ന് വ്യക്തമാക്കി. തന്നെ പാപ്പരായി പ്രഖ്യാപിക്കാൻ തീരുമാനിച്ച അതേ ദിവസം ഡൊണാൾഡ് ട്രംപിന്റെ ഒരു പുസ്തകം വായിച്ചത് തന്റെ തിരിച്ചുവരവിന് പ്രേരണ നൽകിയെന്നും ശിവ പറയുന്നു. നഷ്ടമായതെല്ലാം തിരിച്ചുപിടിക്കുമെന്നും പ്രഖ്യാപിച്ചാണ് ശിവ പോഡ്കാസ്റ്റ് അവസാനിപ്പിക്കുന്നത്.