മുംബൈ: യുഎഇ തലസ്ഥാനമായ അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് പറക്കുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ച മലയാളി യുവാവ് കുരുക്കിലായി. ഡിസംബര്‍ 25ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. തെറ്റ് സമ്മതിച്ച കണ്ണൂര്‍ സ്വദേശി 26കാരന്‍ ഫസല്‍ മുഹമ്മദ് പിലാക്കുലിനെതിരെ പൊലീസ് കേസെടുത്തു. ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതിനെ തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ പരിശോധനയില്‍ സിഗരറ്റ് കുറ്റി കണ്ടെത്തുകയായിരുന്നു. വിവരം ജീവനക്കാര്‍ പൈലറ്റിനെ അറിയിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയുമായിരുന്നു.
വിമാനത്തില്‍ പുകവലിക്കാന്‍ പാടില്ലെന്ന ചട്ടം അറിയില്ലായിരുന്നുവെന്നാണ് ഫസല്‍ ജീവനക്കാരോട് പറഞ്ഞത്. കൈവശം ബാക്കിയുള്ള 6 സിഗരറ്റുകളും ഇയാളുടെ പക്കല്‍ നിന്ന് പിടിച്ചെടുത്തു. വിമാനമിറങ്ങിയതിനു ശേഷം തുടര്‍ നടപടികള്‍ക്കായി മുഹമ്മദിനെ ഇന്‍ഡിഗോയുടെ സുരക്ഷാ ജീവനക്കാര്‍ക്ക് കൈമാറുകയും തുടര്‍ന്ന് സഹാര്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. ഇന്‍ഡിഗോ സീനിയര്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായ നിമേഷ് സിരോയിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ഫസലിനെ നോട്ടീസ് നല്‍കി വിട്ടയച്ചു.