ചെന്നൈ ∙ തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) നേതാവും സിനിമാതാരവുമായ വിജയ് നയിച്ച റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ചു. മരിച്ചവരിൽ 8 കുട്ടികളും 17 സ്ത്രീകളും ഉൾപ്പെടുന്നു. കുഴഞ്ഞുവീണ 67 പേർ ചികിത്സയിൽ തുടരുന്നതായും ഇതിൽ 12 പേരുടെ നില ഗുരുതരമാണെന്നും തമിഴ്നാട് ആരോഗ്യമന്ത്രി എം. സുബ്രഹ്മണ്യൻ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് ആശങ്ക. പരുക്കേറ്റവരിൽ 9 പൊലീസുകാരും ഉൾപ്പെടുന്നു. മൃതദേഹങ്ങൾ കരൂർ സർക്കാർ ആശുപത്രിയിലും അമരാവതി മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്.
സ്ഥലം എംഎൽഎയും മുൻ മന്ത്രിയുമായ സെന്തിൽ ബാലാജി, തിരുച്ചിറപ്പള്ളി, ഡിണ്ടിഗൽ, നാമക്കൽ ജില്ലകളിലെ കലക്ടർമാർ എന്നിവർ കരൂരിലേക്ക് തിരിച്ചിട്ടുണ്ട്. സമീപ ജില്ലകളിൽ നിന്നുള്ള മെഡിക്കൽ സംഘവും സ്ഥലത്തെത്തി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നാളെ പുലർച്ചെ കരൂരിലെത്തും. വിമാനമാർഗം സേലത്ത് എത്തിയ ശേഷം കാർ മാർഗമാണ് അദ്ദേഹം കരൂരിലേക്ക് പോകുക. സംഭവത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപയും പരുക്കേറ്റ് ചികിത്സയിലുള്ളവർക്ക് ഒരു ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രഖ്യാപിച്ചു.
അപകടത്തിന് തൊട്ടുമുമ്പ്, തിരക്ക് നിയന്ത്രിക്കാനും വെള്ളക്കുപ്പികൾ വിതരണം ചെയ്യാനും വിജയ് മൈക്കിലൂടെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പൊലീസിന് തിരക്കിനിടയിൽ ഇടപെടാൻ കഴിഞ്ഞില്ലെന്ന് വിജയ് പിന്നീട് പരാതിപ്പെട്ടു. സംഘാടകർ വെള്ളക്കുപ്പികൾ എത്തിച്ചിരുന്നെങ്കിലും തിരക്ക് കാരണം വിതരണം സാധ്യമായില്ല. നിർജലീകരണം മൂലം ചിലർ കുഴഞ്ഞുവീണതോടെയാണ് വിജയ് പൊലീസിന്റെ സഹായം ആവശ്യപ്പെട്ടത്. റാലിയിൽ വിജയ്‌യുടെ ആരാധകരായ ചെറുപ്പക്കാരും കുട്ടികളുമാണ് കൂടുതലായി പങ്കെടുത്തത്.