* ആകാശയാത്രാമേഖലയില്‍ ഇന്ത്യയും ഫ്രാന്‍സും കൈകോര്‍ക്കുന്നു
ന്യൂദല്‍ഹി: 2030 ആകുമ്പോഴേക്കും ഇന്ത്യ ആഗോള വ്യോമഗതാഗത ചരിത്രത്തിലെ വന്‍ശക്തിയായി മാറുമെന്ന് നിരീക്ഷണം. ഏവിയേഷന്‍ സെക്ടറില്‍ ഇന്ത്യയുടെ ഗണ്യമായ വളര്‍ച്ച അടയാളപ്പെടുത്തും വിധമാണ് ഈ രംഗത്തെ ഇന്ത്യന്‍ കുതിച്ചുകയറ്റമെന്നാണ് ഫ്രഞ്ച് എയറോസ്‌പേസ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്റെ (ജിഫാസ്) ഉന്നതതലയോഗത്തില്‍ കേന്ദ്ര വ്യോമയാനവകുപ്പ് മന്ത്രി കെ. രാംമോഹന്‍ നായിഡു പ്രഖ്യാപിച്ചത്. എയര്‍ലൈന്‍ രംഗത്തെ ഭീമാകാരന്മാർ അത്രയും ഏറെ കൗതുകത്തോടെയാണ് ഈ രംഗത്തെ ഇന്ത്യന്‍ വളര്‍ച്ച നോക്കിക്കണ്ടത്. ആറു വര്‍ഷം കഴിയുമ്പോഴേക്ക് ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 300 മില്യണ്‍ കവിയുമെന്നാണ് കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി പ്രഖ്യാപിച്ചത്.
എയര്‍ ട്രാഫിക് മാനേജ്‌മെന്റിലെ സാങ്കേതികവളര്‍ച്ചയില്‍ ഇതിനകം ഇന്ത്യ നേടിയ പുരോഗതി പ്രശംസനീയമാണെന്ന് മന്ത്രി നായിഡു പറഞ്ഞു. ആഗോള വ്യാമഗതാഗതത്തിലെ പ്രധാന ഹബ്ബായി മാറിക്കഴിഞ്ഞ നിലവിലെ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകള്‍ക്ക് പുറമെ പുതുതായി നിര്‍മിക്കുന്ന വിമാനത്താവളങ്ങള്‍ കൂടി യാഥാര്‍ഥ്യമാകുന്നതോടെ ഇന്ത്യയെ ഇക്കാര്യത്തില്‍ വെല്ലാന്‍ മറ്റാര്‍ക്കുമാവില്ലെന്നും വ്യോമഗതാഗത മന്ത്രി സൂചിപ്പിച്ചു. ഈ രംഗത്തെ ആഗോളനിക്ഷേപങ്ങളുടെ ഒഴുക്ക് ഇന്ത്യന്‍ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക ഇടനാഴികളെ പരമാവധി പ്രയോജനപ്പെടുത്തുന്നതോടൊപ്പം ജനസംഖ്യയിലെ ഇന്ത്യന്‍ പെരുപ്പവും വ്യോമഗതാഗതമേഖലയിലെ വന്‍ നിക്ഷേപസാധ്യതകളും പരിഗണിക്കുമ്പോള്‍ ആറു വര്‍ഷത്തിനിപ്പുറം തന്നെ ഈ മേഖലയിലെ ഒന്നാം നമ്പര്‍ ശക്തിയായി ഇന്ത്യന്‍ ഏവിയേഷന്‍ മേഖല പരിവര്‍ത്തിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ തിയറി മത്താവോ, ഈ രംഗത്തെ ഇന്ത്യ- ഫ്രഞ്ച് സഹകരണം പ്രശംസനീയമാണെന്ന് ചൂണ്ടിക്കാട്ടി. ഏവിയേഷന്‍ മേഖലയിലെ ഇന്ത്യന്‍ വിപ്ലവത്തിന് ഫ്രാന്‍സിന്റെ സഹകരണം എക്കാലത്തുമുണ്ടാകുമെന്നും അംബാസഡര്‍ പറഞ്ഞു. അറുപത് ഫ്രഞ്ച് കമ്പനികള്‍ ഇന്ത്യയുടെ വികസനത്തിന് കൈകോര്‍ക്കുന്നതായും തിയറി മത്താവോ വ്യക്തമാക്കി. ഇന്ത്യയിലേയും ഫ്രാന്‍സിലേയും ഏവിയേഷന്‍ മേഖലയിലെ വന്‍കിട നിക്ഷേപകരും ചടങ്ങില്‍ സംബന്ധിച്ചു.