ശ്രീനഗർ – ജമ്മു കാശ്മീരിലെ ദോഡയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലും വൈശ്ണോദേവി ക്ഷേത്ര പാതയിലെ മണ്ണിടിച്ചിലിലും മരണം 31 ആയി. നിരവധി പേർക്ക് പരിക്കേറ്റു. കത്രയിലെ അര്‍ധകുമാരിക്ക് സമീപം മാതാ വൈഷ്‌ണോ ദേവി യാത്രാ പാതയിലാണ് ബുധനാഴ്ച കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായത്. കൂടുതൽ പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ദോഡ, ജമ്മു, ഉധംപൂർ എന്നിവടങ്ങിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. ദേശീയപാതകളടക്കം നിരവധി റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. 22 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. വിവിധ റെയില്‍വെ സ്റ്റേഷനുകളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. നിരവധി മേഖലകളില്‍ വൈദ്യുതി ലൈനുകളും മൊബൈല്‍ ടവറുകളും തകര്‍ന്നു.
തുടർച്ചയായ മഴയെത്തുടർന്ന് നിരവധി നദികളിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ജമ്മു കശ്മീരില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ഒമര്‍ അബ്ദുളള പറഞ്ഞിരുന്നു. സ്ഥിതിഗതികള്‍ അവലോകനം ചെയ്യുന്നതിനായി മുഖ്യമന്ത്രി അടിയന്തര യോഗം വിളിക്കുകയും ചെയ്തു.