വാഷിംഗ്ടൺ– ഇന്ത്യാ-പാകിസ്താൻ വെടിവെപ്പിൽ താൻ ഇടപ്പെട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദം തള്ളി യുഎസ് മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ. ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യാ-പാക് ബന്ധം മോശം അവസ്ഥയിലായ സാഹചര്യത്തിൽ താൻ ഇടപ്പെട്ടാണ് വെടിനിർത്തൽ സാധ്യമാക്കിയത് എന്ന അവകാശവാദവുമായി മുന്നോട്ട് വന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബോൾട്ടണിന്റെ പ്രതികരണം. ഇന്ത്യ, നേരത്തെ തന്നെ ട്രംപിന്റെ അവകാശവാദം തള്ളിക്കളഞ്ഞിരുന്നു.
‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം (ഡൊണാൾഡ് ട്രംപ്) ഫോണിൽ സംസാരിച്ചിട്ടുണ്ടെന്നാണ് ഞാൻ കരുതുന്നത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സെക്രട്ടറി ഓഫ് സ്റ്റേറ്റ് മാർക്ക് റൂബിയോയും സംഭാഷണത്തിൽ പങ്കെടുത്തിരുന്നു. വിഷയത്തിൽ എന്താണ് തങ്ങൾക്ക് ചെയ്യാൻ സാധിക്കുക എന്ന് അറിയാൻ മറ്റു രാജ്യങ്ങളും വിളിച്ചിട്ടുണ്ടാകുമെന്ന് എനിക്കുറപ്പാണ്. മറ്റാരെങ്കിലും ക്രെഡിറ്റ് എടുക്കുന്നതിന് മുൻപ് ചാടിവീഴുക എന്നത് ട്രംപിന്റെ ശീലമാണ്. ചിലപ്പോഴിത് അസ്വസ്ഥാജനകമായിരിക്കും. പലരെയും സ്വസ്ഥരാക്കിയേക്കും. എന്നാൽ, ഇതിൽ ഇന്ത്യക്കെതിരായി ഒന്നുമില്ല. ട്രംപ്, ട്രംപ് ആകുന്നതാണ്’, ബോൾട്ടൺ പറഞ്ഞു.
ജമ്മു കാശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികളായ ഒരു നേപ്പാളി അടക്കം 26 പേരെ ഭീകരർ വെടിവെച്ച് കൊലപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യ പാകിസ്താനിലെ 9 ഭീകരവാദ കേന്ദ്രങ്ങൾ ഓപ്പറേഷൻ സിന്ദൂറിലൂടെ ആക്രമിച്ച് കീഴ്പ്പെടുത്തിയിരുന്നു. നാലുദിവസം നീണ്ട അതിർത്തിയിലെ സംഘർഷത്തിന് പിന്നാലെ മേയ് പത്താം തീയതിയാണ് ഇന്ത്യയും പാകിസ്താനും വെടിനിർത്തൽ ധാരണയിലേക്ക് എത്തിച്ചേർന്നത്.