ശ്രീനഗർ– ഇന്ത്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ കശ്മീരിലെ നിയന്ത്രണ രേഖയില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. വീടുകളടക്കം കത്തി നശിച്ച് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ട്. കൊല്ലപ്പെട്ടവരില്‍ 4 കുട്ടികളും ഉള്‍പ്പെടുന്നു. 57 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തതിന് തൊട്ട് പിന്നാലെയാണ് പാകിസ്ഥാന്‍ ഷെല്ലാക്രമണം ആരംഭിച്ചത്. ഇന്ത്യന്‍ സൈന്യം ആക്രമണത്തിന് ഉചിതമായ രീതീയില്‍ മറുപടി നല്‍കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൂഞ്ച്, രജൗരി, കര്‍ണ്ണ, തങ്ധര്‍ മേഖലകളിലും പാകിസ്ഥാന്റെ ഷെല്‍ ആക്രമണം നടത്തി.
പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ പൂഞ്ച് ജില്ലയിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത് . ഇവിടെ കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. ബാരാമുള്ള ഉറി മേഖലയിലുണ്ടായ ഷെല്ലാക്രമണത്തില്‍ അഞ്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ഉള്‍പ്പെടെ പത്ത് പേര്‍ക്ക് പരുക്കേറ്റു. രജൗരി ജില്ലയില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. കുപ്‌വാര ജില്ലയിലെ കര്‍ണാ സെക്ടറില്‍ ഷെല്ലാക്രമണത്തില്‍ നിരവധി വീടുകള്‍ കത്തി നശിച്ചു. ആക്രമണത്തെ തുടര്‍ന്ന് നിരവധി പേരെ മാറ്റി താമസിപ്പിച്ചതായും പുലര്‍ച്ചെ തന്നെ ഇത്തരമൊരു ആക്രമണം പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രദേശവാസി സാഹിദ് പറഞ്ഞു.