ശ്രീനഗർ: ഡൽഹിയിൽ നിന്ന് ശ്രീനഗറിലേക്ക് യാത്രക്കാരുമായി പറക്കുന്നതിനിടെ കൊടുങ്കാറ്റിലും ആലിപ്പഴ വർഷത്തിലും പെട്ട ഇൻഡിഗോ വിമാനം പാകിസ്താനിലെ ലാഹോർ എയർ ട്രാഫിക് കൺട്രോളിനോട് (എടിസി) സഹായം ചോദിച്ചെങ്കിലും നിരസിക്കപ്പെട്ടുവെന്ന് വെളിപ്പെടുത്തൽ. മോശം അവസ്ഥയിലുള്ള പറക്കൽ പാത ഒഴിവാക്കുന്നതിന് പാകിസ്താന്റെ വ്യോമപാത ഉപയോഗിക്കാനുള്ള തങ്ങളുടെ അഭ്യർത്ഥന ലാഹോർ എടിസി നിരസിച്ചുവെന്ന് വിമാനത്തിന്റെ പൈലറ്റ് പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു. ഇതോടെ സ്ഥിരം പാതയിലൂടെ മുന്നോട്ടു പോകേണ്ടിവന്ന വിമാനം അപകടാവസ്ഥയിലൂടെ പറന്നാണ് ശ്രീനഗറിൽ ഇറങ്ങിയത്.
തൃണമൂൽ കോൺഗ്രസ് എം.പി ഡെരക് ഒബ്രെയ്ൻ അടക്കം 220 പേരുമായി പറന്ന ഇൻഡിഗോ 6ഇ 2142 നമ്പർ വിമാനമാണ് ബുധനാഴ്ച ആശങ്കാ നിമിഷങ്ങൾക്കൊടുവിൽ ശ്രീനഗർ എയർപോർട്ടിൽ ഇറങ്ങിയത്. വിമാനം അമൃത്സറിന് മുകളിലെത്തിയപ്പോൾ ആകാശച്ചുഴി ശ്രദ്ധയിൽപ്പെട്ട പൈലറ്റ്, സ്ഥിരം പാത ഒഴിവാക്കി പാകിസ്താന്റെ വ്യോമപാതയിലൂടെ പറക്കാൻ ലാഹാർ എടിസിയുടെ അനുമതി തേടുകയായിരുന്നു. എന്നാൽ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യൻ വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയിൽ നിരോധനം ഏർപ്പെടുത്തിയ പാകിസ്താൻ, ദുരന്ത സാധ്യതാ മുഖത്തും കനിവ് കാട്ടിയില്ല.
അനുമതി നിഷേധിക്കപ്പെട്ടതോടെ യഥാർത്ഥ പറക്കൽപാതയിലൂടെ യാത്രചെയ്യേണ്ടി വന്ന വിമാനം അപകടാവസ്ഥയിലൂടെ കടന്നുപോയി. അസ്വാഭാവികമായ തോതിൽ ആടിയുലഞ്ഞ വിമാനത്തിൽ യാത്രക്കാർ പരിഭ്രാന്തരായി നിലവിളിച്ചു. ലഗ്ഗേജുകൾ നിലത്തേക്ക് വീഴുകയും ചില യാത്രക്കാർക്ക് നിസാരമായ പരിക്ക് പറ്റുകയും ചെയ്തു. ആലിപ്പഴ വർഷത്തിൽ വിമാനത്തിന്റെ മുൻഭാഗത്തിന് കാര്യമായ കേടുപാടുകൾ പറ്റി.
എമർജൻസി ലാന്റിങ് സന്ദേശം അയച്ചാണ് വിമാനം ശ്രീനഗർ എയർപോർട്ടിൽ ഇറക്കിയത്. അടിയന്തര ഘട്ടത്തിൽ ഇടപെടുന്നതിനായി സജ്ജീകരണങ്ങൾ എയർപോർട്ടിൽ തയാറായിരുന്നെങ്കിലും സുരക്ഷിതമായി ലാന്റ് ചെയ്യാൻ കഴിഞ്ഞു.
ഡെരക് ഒബ്രെയ്ൻ, നദീമുൽ ഹഖ്, സാഗരിക ഘോഷ്, മാനസ് ഭുനിയ, മമതാ ഠാക്കൂർ എന്നീ തൃണമൂൽ കോൺഗ്രസ് നേതാക്കൾ വിമാനത്തിലുണ്ടായിരുന്നു. മരണത്തെ മുഖാമുഖം കണ്ടെന്നും യാത്രക്കാർ ഭയചകിതരായി നിലവിളിക്കുകയായിരുന്നുവെന്നും എഴുത്തുകാരി കൂടിയാ സാഗരിക ഘോഷ് പറഞ്ഞു. ദുർഘട ഘട്ടത്തിലൂടെ തങ്ങളെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിച്ച പൈലറ്റിന് നന്ദി പറയുന്നതായും, വിമാനത്തിന്റെ മുൻഭാഗം തകർന്നതു കണ്ടപ്പോഴാണ് തങ്ങൾ കടന്നുപോയ അപകടത്തിന്റെ ആഴം വ്യക്തമായതെന്നും അവർ വ്യക്തമാക്കി.