ഡൽഹി– പെഹൽഗാം ഭീകരണത്തിൽ തിരിച്ചടിച്ച ഇന്ത്യയുടെ നീക്കത്തിൽ പ്രതികരണം അറിയിച്ച് ലോകരാജ്യങ്ങളായ അമേരിക്കയും, ചൈനയും. പാകിസ്താനിൽ ഇന്ത്യ നടത്തിയ ആക്രമണത്തിൽ ആശങ്കയുണ്ട്, ഇരു രാജ്യങ്ങളും കൂടുതൽ ആക്രമണങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നായിരുന്നു ചൈനയുടെ പ്രതികരണം. ഇരു രാജ്യങ്ങളും അയൽക്കാരാണ്, അവർ ചൈനയുടെയും അയൽക്കാരാണ്, കൂടുതൽ അക്രമണങ്ങളിലേക്ക് പോകരുത്. ചൈന എല്ലാ ആക്രമണങ്ങളേയും എതിർക്കുന്നു. ഇരുവരും സമാധാനത്തിനും സുസ്ഥിരതക്കും പ്രാധാന്യം നൽകണം. കൂടുതൽ അക്രമണം നടത്തി സ്ഥിതി വഷളാക്കരുതെന്നും ചൈന കൂട്ടിചേർത്തു.
ഓപ്പറേഷൻ സിന്ദൂർ ആക്രമണത്തിൽ ചൈനയെ കൂടാതെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പ്രതികരണം അറിയിച്ചു. എന്തോ ഒന്ന് സംഭവിക്കാൻ പോവുകയാണെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. പെട്ടെന്ന് തന്നെ ഇത് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും ട്രംപ് പറഞ്ഞു. ഇതോടൊപ്പം തന്നെ യു.എൻ സെക്രട്ടറി ജനറൽ, അന്റോണിയോ ഗുട്ടെറസും ആശങ്ക പ്രകടിപ്പിച്ച് മുന്നോട്ട് വന്നിരുന്നു. ഇന്ത്യയും പാകിസ്താനും നടത്തുന്ന ഈ ആക്രമണം ലോകത്തിന് താങ്ങാനാവില്ല എന്നായിരുന്നു പ്രതികരണം. ഇരു രാജ്യങ്ങളും സംയമനം പാലിക്കണം. നിയന്ത്രണ രേഖക്കും അന്താരാഷ്ട്ര അതിർത്തിക്കും അപ്പുറമുള്ള ഇന്ത്യൻ സൈനിക നടപടികളിലും സെക്രട്ടറി ജനറൽ ഗുട്ടെറസ് ആശങ്ക പ്രകടിപ്പിച്ചു. ഇരു രാജ്യങ്ങളും പരമാവധി സൈനിക സംയമനം പാലിക്കണം. യു.എൻ സെക്രട്ടറിയുടെ വക്താവ് സ്റ്റീഫൻ ഡുജാറിക് ആണ് മാധ്യമങ്ങളോട് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഓപ്പറേഷൻ സിന്ദൂർ എന്ന് പേരിട്ട് ഇന്ത്യ പാകിസ്താനിലെയും, പാക് അധീന കാശ്മീരിലെയും ഒമ്പത് കേന്ദ്രങ്ങളിൽ നടത്തിയ ആക്രമണങ്ങളിൽ 12 പേർ കൊല്ലപ്പെട്ടതായും 55 പേർക്ക് പരിക്കേറ്റതായും കരസേന അറിയിച്ചു. ലഷ്കറെ ത്വയ്യിബ, ജയ്ശെ മുഹമ്മദ് എന്നീ ഭീകര സംഘടനങ്ങളുടെ കേന്ദ്രങ്ങളാണ് പ്രധാനമായും ആക്രമിച്ചത്. സംഭവം പാകിസ്താൻ പ്രധാനമന്ത്രിയും സ്ഥിരീകരിച്ചു. ബഹാവൽപൂർ, മുസാഫറബാദ്, കോട്‍ലി, മുറിഡ്കെ എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്.