ന്യൂഡൽഹി– വിമർശനങ്ങൾക്കും വിവാദങ്ങൾക്കും ഇടയിലും ഇന്ത്യ-പാകിസ്താൻ ക്രിക്കറ്റ് മത്സരങ്ങളുടെ ജനപ്രീതി കുതിച്ചുയരുന്നു. 2026 ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം കാണികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡ് സൃഷ്ടിച്ചതായാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ടൂർണമെന്റിന്റെ ഔദ്യോഗിക ഡിജിറ്റൽ പങ്കാളിയായ ജിയോസ്റ്റാർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 16.30 കോടി പേരാണ് ജിയോ ഹോട്ട്സ്റ്റാറിലൂടെ മാത്രം തത്സമയം ഈ മത്സരം കണ്ടത്.
2024-ലെ ഇന്ത്യ-ദക്ഷിണാഫ്രിക്ക ലോകകപ്പ് ഫൈനലിനെപ്പോലും പിന്നിലാക്കിയാണ് ഈ മത്സരം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാമതെത്തിയത്. 2024-ലെ ഇന്ത്യ-പാക് മത്സരത്തെ അപേക്ഷിച്ച് കാഴ്ചക്കാരുടെ എണ്ണത്തിൽ 56 ശതമാനത്തിന്റെ വളർച്ചയാണ് ഇത്തവണ രേഖപ്പെടുത്തിയത്.
മത്സരത്തിന് മുന്നോടിയായി നിലനിന്നിരുന്ന നാടകീയ നീക്കങ്ങൾ കാഴ്ചക്കാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു എന്നാണ് വിലയിരുത്തൽ. ബംഗ്ലാദേശിനെ ലോകകപ്പിൽ നിന്ന് പുറത്താക്കിയതിലുള്ള പ്രതിഷേധം മൂലം ഇന്ത്യക്കെതിരെ കളിക്കില്ലെന്ന പാകിസ്താന്റെ ബഹിഷ്‌കരണ ഭീഷണിയും തുടർന്നുണ്ടായ അനിശ്ചിതത്വങ്ങളും ലോകമെമ്പാടുമുള്ള ആരാധകരെ ഈ മത്സരത്തിലേക്ക് ആകർഷിച്ചു. ഒടുവിൽ ഐസിസിയുടെ ഇടപെടലിലൂടെയാണ് പാകിസ്താൻ മത്സരത്തിനെത്തിയത്.
കളിക്കളത്തിൽ ഇന്ത്യ പുലർത്തുന്ന ഏകപക്ഷീയമായ മേധാവിത്വം കാരണം ഈ റൈവൽറിയുടെ ആവേശം ചോരുന്നുവെന്ന കടുത്ത വിമർശനങ്ങൾക്കിടയിലാണ് ഈ പുതിയ റെക്കോർഡ്. കളിയിലെ പോരാട്ടവീര്യം കുറഞ്ഞാലും ഇന്ത്യ-പാക് മത്സരങ്ങൾ സൃഷ്ടിക്കുന്ന വാണിജ്യ വിപണിയും ജനസ്വാധീനവും ഇപ്പോഴും ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലുതാണെന്ന് ഈ കണക്കുകൾ അടിവരയിടുന്നു.



