ബെംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽ വൻ കവർച്ച. ചൊവ്വാഴ്ച വൈകിട്ട് 7:30-ന് ബാങ്ക് അടയ്ക്കാനിരിക്കെ, സൈനിക യൂണിഫോമിൽ എത്തിയ ഒമ്പതോളം അംഗങ്ങളുള്ള മുഖംമൂടി ധരിച്ച കവർച്ച സംഘം ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട ശേഷം 8 കോടി രൂപയും 50 പവൻ സ്വർണവും കവർന്നു.
കവർച്ച സംഘം തോക്കുകളും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ചതായി ജീവനക്കാർ വെളിപ്പെടുത്തി. മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കവർച്ചയ്ക്ക് ശേഷം സംഘം മഹാരാഷ്ട്ര ഭാഗത്തേക്ക് രക്ഷപ്പെട്ടതായി കരുതുന്നു.
കവർച്ചക്കാർ ഉപയോഗിച്ച കാർ മഹാരാഷ്ട്രയിലെ സോലാപുർ ജില്ലയിലെ ഒരു ഗ്രാമത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ പൊലീസ് കണ്ടെടുത്തു. കാറിൽ നിന്ന് കവർന്ന സ്വർണത്തിന്റെ ഒരു ഭാഗവും ലഭിച്ചു. കാർ ആടുകളെ ഇടിച്ചതിനെ തുടർന്ന് ഗ്രാമവാസികൾ ചോദ്യം ചെയ്തപ്പോൾ, സംഘം ഭീഷണിപ്പെടുത്തി രക്ഷപ്പെട്ടതായാണ് റിപ്പോർട്ട്.
ബാങ്കിന്റെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കവർന്ന പണത്തിന്റെയും സ്വർണത്തിന്റെയും കൃത്യമായ അളവ് ബാങ്ക് ഉദ്യോഗസ്ഥർ വ്യക്തമാക്കിയ ശേഷം മാത്രമേ ലഭ്യമാകൂ.