കോഴിക്കോട്: പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകാരനുമായ മുറ്റയിൽ ഗോവിന്ദമേനോൻ ശങ്കരനാരായണൻ എന്ന ഡോ. എം ജി എസ് നാരായണൻ(93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മലാപ്പറമ്പിലെ മൈത്രി വസതിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് മാവൂർ റോഡ് ശ്മശാനത്തിൽ നടക്കും.
ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ മുൻ ചെയർമാനാണ്. കാലിക്കറ്റ് സർവകലാശാല ചിത്രവിഭാഗം മേധാവിയായാണ് സർവീസിൽനിന്ന് വിരമിച്ചത്. തന്റെ നിലപാടുകൾ വെട്ടിതുറന്നു പറയുന്ന എം.ജി.എസ് കേരളത്തിന്റെ ചരിത്ര ഗവേഷണത്തിന് അതുല്യ സംഭാവനകൾ നൽകിയ അതുല്യ പ്രതിഭയാണ്. അന്തർദേശീയ ശ്രദ്ധ നേടിയ ഒട്ടേറെ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. ബ്രിട്ടനിലെയും റഷ്യയിലെയും സർവകലാശാലകളിൽ വിസിറ്റിംഗ് പ്രൊഫസറായും പ്രവർത്തിച്ചിട്ടുണ്ട്.
1932 ആഗസ്ത് 20ന് പൊന്നാനിയിലാണ് ജനനം. നാട്ടിലെ വിദ്യാഭ്യാസത്തിനുശേഷം മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തരബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ ആദ്യം അധ്യാപകനായി. 1973-ൽ കേരള സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടി. 1992-ൽ വിരമിക്കുന്നതുവരെ കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യൽ സയൻസ് ആൻഡ് ഹ്യുമാനിറ്റീസ് വകുപ്പിന്റെ തലവനുമായി. 1974 മുതൽ പലതവണ ഇന്ത്യൻ ഹിസ്റ്ററി കോൺഗ്രസിന്റെ നിർവാഹക സമിതി അംഗമായി. ചരിത്ര ഗവേഷണ കൗൺസിൽ അധ്യക്ഷനായും പ്രവർത്തിച്ചു.
ഇന്ത്യൻ ചരിത്ര പരിചയം, സാഹിത്യ അപരാധങ്ങൾ, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകൾ, കോഴിക്കോടിന്റെ കഥ, സെക്കുലർ ജാതിയും സെക്കുലർ മതവും, ജനാധിപത്യവും കമ്യൂണിസവും, പെരുമാൾസ് ഓഫ് കേരള (ഇംഗ്ലീഷ്) തുടങ്ങി നിരവധി ചരിത്രരചനകളാണ് ഇദ്ദേഹത്തിന്റെ തൂലികയിൽ പിറന്നത്. 1965ൽ കേരള സർവകലാശാലയുടെ കോഴിക്കോട്ടെ പി.ജി സെൻററിലാണ് അദ്ദേഹം ജോലിക്ക് ചേർന്നത്. 1968-ൽ കാലിക്കറ്റ് സർവകലാശാല തുടങ്ങിയതോടെ ചരിത്രപഠനവകുപ്പിന്റെ ഭാഗമായി. ’73ൽ റീഡറും ’76ൽ പ്രഫസറുമായി. പിന്നീട് സോഷ്യൽ സയൻസിന്റെ ഫാക്കൽറ്റി ഡീനുമായി. പ്രത്യേക ലൈബ്രറിയും ഹിസ്റ്ററി മ്യൂസിയവും സ്ഥാപിക്കുന്നതിലും സിലബസുകൾ പരിഷ്‌കരിക്കുന്നതിലും സെമസ്റ്റർ സിസ്റ്റം കൊണ്ടുവന്നതിലും ഇദ്ദേഹം വലിയ പങ്കുവഹിച്ചു.
വെട്ടഴുത്തും തമിഴും സംസ്‌കൃതവും ബ്രാഹ്മിയുമെല്ലാം ഇദ്ദേഹത്തിന് അറിയാം. എട്ടു മുതൽ പതിനൊന്നാം നൂറ്റാണ്ടുവരെയുള്ള, മധ്യകാല കേരളചരിത്രമാണ് ഇദ്ദേഹത്തിന്റെ ‘പെരുമാൾസ് ഓഫ് കേരള’. ഇളംകുളം കുഞ്ഞൻപിള്ളയായിരുന്നു എം.ജി.എസിന്റെ ഗുരുവും വഴികാട്ടിയും. വാജ്‌പേയി സർക്കാർ അധികാരത്തിലുള്ളപ്പോൾ ഇന്ത്യൻ ചരിത്രഗവേഷണ കൗൺസിലിന്റെ ചെയർമാനായും പ്രവർത്തിച്ചു.
ഭാര്യ പ്രേമലത. മക്കൾ: വിജയ് കുമാർ (റിട്ട. എയർഫോഴ്‌സ്), വിനയ മനോജ് (നർത്തകി).