ധരംശാല– ഹിമാചല്‍ പ്രദേശില്‍ ശക്തമായ മഴ കാരണമുണ്ടായ വെള്ളപൊക്കം, മണ്ണിടിച്ചല്‍, മേഘവിസ്‌ഫോടനം തുടങ്ങിയ ദുരന്തങ്ങളില്‍പെട്ട് കാണാതായവരുടെ എണ്ണം 75 ആയി ഉയര്‍ന്നു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കാലാവസ്ഥ പ്രതികൂലമായി തുടരുന്നത് വെല്ലുവിളിയായിരിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മിഷ്ണര്‍ അപൂര്‍വ് ദേവ്ഗണ്‍ പറഞ്ഞു. കാലവര്‍ഷം ശക്തി പ്രാപിക്കുകയും വരും ദിവസങ്ങലില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സഹായം എത്തിക്കുന്നത് വെല്ലുവിളിയായി നിലനില്‍ക്കുന്നുണ്ട്.
സംസ്ഥാന അടിയന്തര പ്രവര്‍ത്തന കേന്ദ്രം (എസ്.ഇ.ഒ.സി) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് 269 റോഡുകളില്‍ യാത്രാ തടസ്സപ്പെട്ടെന്നും 285 ഇലക്ട്രിക് ട്രാന്‍സ്‌ഫോമറുകള്‍ തകര്‍ന്നെന്നും 278 ജലസേചന പദ്ധതികളുടെ സേവനങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറായി പ്രവര്‍ത്തിക്കുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ശക്തമായി മണ്ണിടിച്ചല്‍ ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനായി റോഡ് വഴിയുള്ള യാത്ര ദുഷ്‌കരമാണ്. എന്നിരുന്നാലും തുനാഗിലെ പ്രധാന റോഡ് ഇന്ന് ഗതാഗത യോഗ്യമാക്കിയിട്ടുണ്ട്. ഇവിടെ മാത്രമായിട്ട് കാണാതായത് 31 പേരെയാണ്. ഇവരില്‍ ആരെയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. 250ഓളം എസ്.ഡി.ആര്‍.എഫ്, എന്‍.ഡി.ആര്‍.എഫ് പ്ര്‌ത്യേക സേനയെ ഇവിടെ വിന്യസിച്ചിട്ടുണ്ടെന്നും അപൂര്‍വ് ദേവ്ഗണ്‍ പറഞ്ഞു.
അതേ സമയം മാണ്ഡി ജില്ലയില്‍ ഉണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ തുനാഗില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വഴിയിലെ തടസങ്ങള്‍ നീക്കുന്ന ദൃശ്യങ്ങള്‍ ഹിമാചല്‍ മുഖ്യമന്ത്രി സുക്‌വീന്ദര്‍ സിങ് സുകു എക്‌സിലൂടെ അറിയിച്ചു. ഇന്തോ-ടിബറ്റന്‍ പോലീസിന്റെ(ഐ.ടി.ബി.പി) പ്രത്യേക സംഘം എത്തിയതായും റിപ്പോര്‍ട്ടുണ്ട്. തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടം നീക്കുന്നതിനും കാണാതായവരെ തിരച്ചില്‍ നടത്താനും ഭരണകൂടവും സംസ്ഥാന ദുരന്ത നിവാരണ സേനയും ദേശീയ ദുരന്തനിവാരണ സേനയുമായും ഐ.ടി.ബി.പി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും. ഹിമാചലില്‍ ശക്തമായ മഴയില്‍ 73 പേരാണ് ഇതുവരെ മരണപ്പെട്ടത്. 2025 ജൂണ്‍ 20 മുതല്‍ ജൂലൈ 4വരെയുള്ള കാലയളവില്‍ എസ്.ഇ.ഒ.സി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം സംസ്ഥാനത്തുടനീളം ഏകദേശം 541.09 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.