ന്യൂഡൽഹി– ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ സെപ്തംബർ മാസത്തിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ഉത്തരാഖണ്ഡ്, പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ വെള്ളപ്പൊക്കത്തിനും ഉരുൾപ്പൊട്ടലിനും സാധ്യതയുണ്ടെന്നും ഐഎംഡി അറിയിച്ചു. ഉത്തരാഖണ്ഡിൽ കനത്ത മഴക്കും മിന്നൽ പ്രളയത്തിനും ഉരുൾപൊട്ടലിനും സാധ്യതയുണ്ടെന്ന് കാലാനസ്ഥ വകുപ്പ് ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര പറഞ്ഞു.
ഇത് ദക്ഷിണ ഹരിയാന, ഡൽഹി, വടക്കൻ രാജസ്ഥാൻ എന്നീ മേഖലകളെയും ബാധിക്കും. കനത്ത മഴയുണ്ടായാൽ ഉത്തരാഖണ്ഡിൽ നിന്ന് ഉത്ഭവിക്കുന്ന നിരവധി നദികൾ കരകവിഞ്ഞൊഴുകുകയും താഴെയുള്ള പ്രദേശങ്ങളെ ബാധിക്കുകയും ചെയ്യുമെന്നും പറഞ്ഞു. ഛത്തീസ്ഗഢിലെ മഹാനദി നദിയുടെ ഉയർന്ന പ്രദേശങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നു. രാജസ്ഥാനിൽ 1980 മുതൽ സെപ്തംബറിലെ മൺസൂണിൽ നേരിയ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 1 മുതൽ ആഗസ്ത് 31 വരെ രാജ്യത്ത് 743.1 മില്ലിമീറ്റർ മഴ ലഭിച്ചു, ഇത് ഒരുപാട് കാലത്തെ ശരാശരിയേക്കാൾ 6 ശതമാനം കൂടുതലാണ്. ജൂൺ മാസം മുതൽ ആരംഭിച്ച ശക്തമായ മഴയിലും മേഘവിസ്‌ഫോടനത്തിലും ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ കനത്ത നാശനഷ്ടങ്ങളുണ്ടാക്കി. പഞ്ചാബിൽ, നദികൾ കരകവിഞ്ഞതും വെള്ളപ്പൊക്കത്തിന് കാരണമായി.
ഹിമാചൽ പ്രദേശിലെ ഉന, ബിലാസ്പൂർ, ഷിംല, സോളൻ, സിർമൗർ ജില്ലകളിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിങ്കളാഴ്ച ഉന, ബിലാസ്പൂർ, ഹമിർപൂർ, കാൻഗ്ര, മണ്ഡി, സിർമൗർ എന്നിവിടങ്ങളിലും, ചൊവ്വാഴ്ച ചമ്പ, കാൻഗ്ര, കുളു, മണ്ഡി എന്നിവിടങ്ങളിലും കനത്ത മഴ പ്രതീക്ഷിക്കുന്നു. 2025 ഓഗസ്റ്റിൽ ഹിമാചൽ പ്രദേശിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ 72 ശതമാനം കൂടുതൽ മഴ ലഭിച്ചതായി കാലാവസ്ഥാ റിപ്പോർട്ടുകൾ വ്യക്തമാക്കി.