ചെന്നൈ– തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെട്ട കനത്ത മൂടൽമഞ്ഞ് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന സർവീസുകളെ താറുമാറാക്കി. റൺവേയിലെ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ഞായറാഴ്ച രാവിലെ ദുബൈയിൽ നിന്നുള്ള എമിറേറ്റ്‌സ് വിമാനം ഉൾപ്പെടെയുള്ള നിരവധി സർവീസുകൾ വഴിതിരിച്ചുവിട്ടു.
ദുബൈയിൽ നിന്നുള്ള എമിറേറ്റ്‌സിന്റെ EK 544 വിമാനമാണ് ചെന്നൈയിൽ ഇറങ്ങാൻ സാധിക്കാത്തതിനെ തുടർന്ന് ബെംഗളൂരുവിലേക്ക് തിരിച്ചത്. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം ഏകദേശം 35 മിനിറ്റോളം യാത്ര ചെയ്ത് പിന്നീട് ഈ വിമാനം യാത്രക്കാരെ ചെന്നൈയിലെത്തിച്ചു. കോലാലംപൂരിൽ നിന്നുള്ള അന്താരാഷ്ട്ര വിമാനങ്ങളും മുംബൈ, ഹൈദരാബാദ്, പുണെ എന്നിവിടങ്ങളിൽ നിന്നുള്ള ആഭ്യന്തര വിമാനങ്ങളും സമാനമായ പ്രതിസന്ധി നേരിട്ടു. ഇവ ബെംഗളൂരു, കോയമ്പത്തൂർ, ട്രിച്ചി വിമാനത്താവളങ്ങളിലേക്കാണ് വഴിതിരിച്ചുവിട്ടത്.
ഞായറാഴ്ച പുലർച്ചെ 5.30-ഓടെ റൺവേയിലെ ദൃശ്യപരത 1500 മീറ്റർ ആയിരുന്നു. എന്നാൽ 6.30-ഓടെ ഇത് 350 മീറ്ററായും 7.30 ആയപ്പോഴേക്കും 150 മീറ്ററായും കുറഞ്ഞതായി വിമാനത്താവള അധികൃതർ അറിയിച്ചു. മണിക്കൂറുകളോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ രാവിലെ 11.30-ഓടെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം സാധാരണ നിലയിലായത്. മൂടൽമഞ്ഞ് കാരണം നിരവധി സർവീസുകൾ വൈകിയത് യാത്രക്കാരെയും വലച്ചു.



