ന്യൂഡല്‍ഹി– അടുത്ത വര്‍ഷത്തെ ഹജ് മുതല്‍ കുറഞ്ഞ ദിവസങ്ങള്‍ കൊണ്ട് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങാനുള്ള പ്രത്യേക ഹ്രസ്വ പാക്കേജുകളും ഉണ്ടാവുമെന്ന് കേന്ദ്ര സര്‍ക്കാര്‍. യാത്രയെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഉടന്‍ പുറത്തിറങ്ങുന്ന ഹജ് നയത്തിലുണ്ടാകുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. അവധി കുറഞ്ഞ പ്രൊഫഷനലുകള്‍ക്ക് ഈ സൗകര്യം ഉപകാരപ്രദമാകും. തിരഞ്ഞെടുക്കപ്പെട്ട എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്ന് പരിമിതമായ എണ്ണം തീര്‍ത്താടകര്‍ക്കായിരിക്കും അവസരം.
പ്രായമായവര്‍ക്കും പ്രവാസികള്‍ക്കുമായി 20 ദിവസത്തെ പാക്കേജ് അനുവദിക്കണമെന്ന് കേരള ഹജ് കമ്മിറ്റി മുന്‍ ചെയര്‍മാനും കേന്ദ്ര ഹജ് കമ്മിറ്റി അംഗവുമായ സി മുഹമ്മദ് ഫൈസി കഴിഞ്ഞ വര്‍ഷം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഒരു മാസത്തെ അവധിക്കായി നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് ഇത് ഗുണകരമാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. നിലവില്‍ ഹജ് യാത്രയ്ക്ക് ഏകദേശം 40 ദിവസം വേണം. ഇതില്‍ അഞ്ച് ദിവസത്തെ മക്കയിലെ പ്രധാന കര്‍മങ്ങള്‍ ഒഴിവാക്കാനാവുകയില്ല. തീർഥാടന യാത്ര 20 ദിവസത്തേക്കായി ചുരുക്കുമ്പോള്‍ താമസത്തിന്റെയും ഭക്ഷണത്തിന്റെയും ചിലവ് ആനുപാതികമായി കുറയും. ഇത്തവണ ഹജ്ജിനു പോവുന്നവര്‍ക്ക് കയ്യില്‍ ധരിക്കാന്‍ ‘ ഹജ് സുവിധ റിസ്റ്റ് ബാന്‍ഡ്’ നല്‍കും. ലൊക്കേഷന്‍ ട്രേസ് ചെയ്യാനും ആരോഗ്യനില തിരിച്ചറിയാനും ഇത് ഉപകരിക്കും. ഇതിനു പുറമെ തീര്‍ഥാടകര്‍ക്ക് സംസ്ഥാനം തിരിച്ചുള്ള ഭക്ഷണം തിരഞ്ഞെടുക്കാനും സാധിക്കും.