ന്യൂഡല്‍ഹി– അന്താരാഷ്ട്രാ വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്‌സിന്റെ ഉള്‍പ്പെടെയുള്ള എക്‌സ് അക്കൗണ്ടുകള്‍ ഇന്ത്യയില്‍ തടഞ്ഞത് സര്‍ക്കാര്‍ നിര്‍ദേശത്തിലാണെന്ന് എക്‌സ്. രാജ്യത്ത് മാധ്യമ സെന്‍സര്‍ഷിപ്പുണ്ടെന്നും അതില്‍ ആശങ്കയുണ്ടെന്നും എക്‌സ് അറിയിച്ചു. എന്നാല്‍ റോയിറ്റേഴ്‌സിന്റെ അക്കൗണ്ടുകള്‍ ഇന്ത്യയില്‍ ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ പറഞ്ഞിരുന്നത്.
ജൂലൈ മൂന്നിനാണ് 2355 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യണമെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതെന്ന് എക്‌സ് ഗ്ലോബല്‍ അഫേഴ്‌സ് ടീം പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഐടി ആക്ടിലെ 69എ സെക്ഷന്‍ പ്രകാരം റോയിട്ടേഴ്‌സ്, റോയിട്ടേഴ്‌സ് വേള്‍ഡ് എന്നീ അക്കൗണ്ടുകള്‍ ഉള്‍പ്പെടെ 2355 അക്കൗണ്ടുകള്‍ തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിട്ടത്. ഒരു മണിക്കൂറിനുള്ളില്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു ഐടി മന്ത്രാലയത്തിന്റെ ആവശ്യം. കേന്ദ്രത്തില്‍ നിന്ന് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ബ്ലോക്കുകള്‍ പിന്‍വലിക്കരുതെന്നും ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നടക്കുന്ന മാധ്യമ സെന്‍സര്‍ഷിപ്പില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ടെന്നും ഗ്ലോബല്‍ അഫേഴ്‌സ് ടീം അറിയിച്ചു.
റോയിട്ടേഴ്‌സിന്റെ അക്കൗണ്ട് ബ്ലോക്കാക്കിയതിനു ശേഷമുണ്ടായ പൊതുജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അണ്‍ബ്ലോക്ക് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ അഭ്യര്‍ഥിച്ചെന്നും എക്‌സ് അറിയിച്ചു. ഇത്തരത്തില്‍ നടപടി നേരിട്ട ഉപയോക്താക്കളോട് കോടതി വഴി നിയമപരമായ പരിഹാരമാര്‍ഗങ്ങള്‍ തേടാന്‍ ഗ്ലോബല്‍ ഗവണ്‍മെന്റ് ആവശ്യപ്പെടുകയും ചെയ്തു.