- അതിഷിയെ ഡൽഹി മുഖ്യമന്ത്രിയാക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും വിമർശം
ന്യൂഡൽഹി: നിയുക്ത ഡൽഹി മുഖ്യമന്ത്രി അതിഷി മെർലേനയെയും പാർട്ടി നടപടിയെയും രൂക്ഷമായി വിമർശിച്ച് ആം ആദ്മി പാർട്ടി രാജ്യസഭാ എം.പിയും ഡൽഹി മുൻ വനിതാ കമ്മിഷൻ അധ്യക്ഷയുമായ സ്വാതി മലിവാൾ രംഗത്ത്.
അതിഷിയെ ഡൽഹി മുഖ്യമന്ത്രിയാക്കാനുള്ള പാർട്ടി തീരുമാനം നിർഭാഗ്യകരമാണെന്നും അതിഷി ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്നും അവർ വിമർശിച്ചു. ഡൽഹിയെ ദൈവം രക്ഷിക്കട്ടെയെന്നും അവർ പ്രതികരിച്ചു.
‘ഭീകരനായ അഫ്‌സൽ ഗുരുവിന്റെ വധശിക്ഷയ്‌ക്കെതിരെ വാദിച്ചത് അതിഷിയുടെ കുടുംബമാണ്. അഫ്‌സൽ ഗുരുവിന് വേണ്ടി നിരവധി തവണയാണ് അതിഷിയുടെ മാതാപിതാക്കൾ രാഷ്ട്രപതിക്ക് ദയാഹർജി നല്കിയത്. അഫ്‌സൽ ഗുരു നിഷ്‌കളങ്കനാണെന്നും, രാഷ്ട്രീയ ഗൂഢാലോചനയെത്തുടർന്നാണ് അഫ്‌സൽ ഗുരുവിനെ കുറ്റവാളിയാക്കിയതെന്നുമാണ് അവർ വാദിച്ചത്. ആ കുടുംബത്തിൽപ്പെട്ട അതിഷിയെ മുഖ്യമന്ത്രിയാക്കുന്നത് രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും’ സ്വാതി മലിവാൾ എം.പി കുറ്റപ്പെടുത്തി.
കുറച്ചു കാലമായി എ.എ.പി നേതൃത്വവുമായി ഇടച്ചിലിലാണ് സ്വാതി മലിവാൾ. വനിതാ കമ്മിഷൻ പദവിയുടെ കാലാവധി കഴിഞ്ഞതോടെയാണ് ഇവർക്ക് എ.എ.പി രാജ്യസഭാ ടിക്കറ്റ് നൽകിയത്. എന്നാൽ, മുഖ്യമന്ത്രി കെജ്രിവാളിന്റെ വീട്ടിൽനിന്ന് പാർട്ടി നേതാവ് ബിഭവ് കുമാറിൽനിന്നും മർദ്ദനമേറ്റെന്ന പരാതിക്കു പിന്നാലെ ഇവർ പാർട്ടിയുമായി അകന്നാണിപ്പോൾ കഴിയുന്നത്. ഇവരെ സ്വാധീനിക്കാനായി ബി.ജെ.പി കരുക്കൾ നീക്കുന്നതായാണ് വിവരം.