പനാജി: ഗോവയിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷർഗാവ് ഗ്രാമത്തിലെ ലൈറാവി ദേവി ക്ഷേത്രത്തിൽ ഇന്ന് പുലർച്ചെയാണ് ദുരന്തം. ക്ഷേത്രത്തിലെ വാർഷിക ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ ഗോവ, മഹാരാഷ്ട്ര, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകരാണ് അപകടത്തിൽ പെട്ടതെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു.
പുലർച്ചെ മൂന്നു മണിയോടെ ലൈറാവി ദേവി ക്ഷേത്രത്തിലെ പ്രസിദ്ധമായ ലൈറാവി സത്രയിൽ ഭക്തർ പങ്കെടുക്കുന്നതിനിടെ ഒരു ചെരിഞ്ഞ സ്ഥലത്തുവെച്ച് ആളുകൾ ഒന്നിനു മീതെ ഒന്നായി വീഴുകയായിരുന്നു. നിയന്ത്രണമില്ലാതെ വീണ ആൾക്കൂട്ടത്തിന്റെ അടിയിൽപ്പെട്ടവരാണ് മരിച്ചത്. മരിച്ചവരിൽ രണ്ടുപേർ സ്ത്രീകളാണെന്നാണ് പ്രാഥമിക വിവരം.
മരിച്ച രണ്ടുപേരുടെ മൃതദേഹങ്ങൾ മപുസ ജില്ലാ ആശുപത്രിയിലും രണ്ടു പേരുടേത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റിലും സൂക്ഷിച്ചിരിക്കുന്നതായി മയേം എം.എൽ.എ പ്രേമാനന്ദ് പറഞ്ഞു. മുപ്പത് പേർക്ക് പരിക്കേറ്റതായും അതിൽ എട്ടു പേരുടെ നില ഗുരുതരമാണെന്നും ഗോവ ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ സ്ഥിരീകരിച്ചു. പരിക്കേറ്റ രണ്ടുപേരെ ബംബോലിം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.