ശിവ്പുരി: മധ്യപ്രദേശിലെ ശിവ്പുരിയിൽ വെള്ളച്ചാട്ടത്തിൽ കുളിച്ചതിന് പിന്നാലെ രോഗബാധിതരായി ഒരു കുടുംബത്തിലെ നാല് ആൺകുട്ടികൾ 10 ദിവസത്തിനിടെ മരിച്ചു. മരിച്ചവരിൽ മൂന്നുപേർ സഹോദരങ്ങളും നാലാമത്തെയാൾ ബന്ധുവിന്റെ മകനുമാണ്.
ഓഗസ്റ്റ് 16-നാണ് തൻവീർ അഹമ്മദും ബന്ധുക്കളുമടക്കം 16 പേരടങ്ങുന്ന സംഘം പ്രദേശത്തെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ പോയത്. മടങ്ങിയെത്തിയതിന് പിന്നാലെ കുടുംബാംഗങ്ങൾക്ക് കൂട്ടത്തോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കുട്ടികളുടെ ആരോഗ്യാവസ്ഥ വേഗത്തിൽ വഷളായി.
പനി, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയാണ് കുട്ടികൾക്ക് അനുഭവപ്പെട്ടതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ചികിത്സ നൽകിയെങ്കിലും നാലുപേരുടെയും ജീവൻ രക്ഷിക്കാനായില്ല. ആദ്യം 14 വയസ്സുകാരനാണ് മരിച്ചത്. തൊട്ടുപിന്നാലെ 19 വയസ്സുകാരനായ അയാസ് ഉൾപ്പെടെയുള്ള മറ്റ് കുട്ടികളും രോഗബാധിതരാവുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു.
ഒരു കുടുംബത്തിലെ നാല് കുട്ടികൾ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ മരിച്ചതോടെ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും പ്രദേശത്ത് ജാഗ്രതാനിർദേശം നൽകി. ഹെൽത്ത് ടീം സ്ഥലത്തെത്തി കുടുംബാംഗങ്ങളുടെയും സമീപവാസികളുടെയും സാമ്പിളുകൾ ശേഖരിച്ചു. വെള്ളച്ചാട്ടത്തിലെ വെള്ളത്തിന്റെ സാമ്പിളും പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
വെള്ളച്ചാട്ടത്തിൽ പോയ 62-ഓളം പേരുടെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും പ്രത്യേക മെഡിക്കൽ സംഘം വിഷയം അന്വേഷിച്ചുവരികയാണെന്നും അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് ദിനേശ് ചന്ദ് ശുക്ല അറിയിച്ചു. ദുരിതബാധിത കുടുംബത്തിന് സാമ്പത്തിക സഹായം നൽകിയിട്ടുണ്ട്. പരിശോധനയ്ക്കിടെ രോഗബാധിതരാണെന്ന് കണ്ടെത്തിയ മൂന്ന് പെൺകുട്ടികളെ വിദഗ്ധ ചികിത്സയ്ക്കായി ഗ്വാളിയോറിലേക്ക് മാറ്റി.
പരിശോധനാ ഫലങ്ങൾ പുറത്തുവന്നാൽ മാത്രമേ രോഗബാധയുടെയും മരണത്തിന്റെയും യഥാർത്ഥ കാരണം വ്യക്തമാകൂ എന്ന് അധികൃതർ അറിയിച്ചു.







