റാഞ്ചി– ജാർഖണ്ഡിലെ റാഞ്ചിയിൽ ബർത്ത് ഡേ പാർട്ടിക്കിടെ പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. റാഞ്ചിയിലെ നംകും പോലീസ് സ്റ്റേഷൻ പരിധിയിൽ മാർച്ച് 31-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്റെ ബർത്ത് ഡേ പാർട്ടിക്ക് പങ്കെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി. പ്രതികളായ നാലുപേരും പെൺകുട്ടിയുടെ സുഹൃത്തുക്കളാണ്. ആഘോഷത്തിനിടെ മദ്യം കഴിച്ച പ്രതികൾ പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് പരാതി പുറത്തുവരുന്നത്. ഏപ്രിൽ 16-ന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നംകും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. 15-നും 17-നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായ നാലുപേരും.
പെൺകുട്ടിയും പ്രതികളും നേരത്തെ സുഹൃത്തുക്കളായിരുന്നു. പാർട്ടിയിൽ വെച്ച് പ്രതികൾ മദ്യം ഉപയോഗിക്കുകയും തുടർന്ന് പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് നംകും പോലീസ് സ്റ്റേഷൻ ഇൻചാർജ് രാംനാരായൺ സിംഗ് വ്യക്തമാക്കി. പെൺകുട്ടിയെ നിലവിൽ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



