മീററ്റ്– ഉത്തർപ്രദേശിലെ മീററ്റിൽ അടച്ചുപൂട്ടിയ വീടിനുള്ളിൽ നിന്ന് മുപ്പത്തിനാലുകാരിയുടെ മൃതദേഹം അസ്ഥികൂടം മാത്രമായ നിലയിൽ കണ്ടെത്തി. നാല് മാസത്തോളം പഴക്കമുള്ള പ്രിയങ്ക എന്ന യുവതിയുടെ മൃതദേഹമാണ് വെള്ളിയാഴ്ച പൊലീസ് കണ്ടെടുത്തത്. മാസങ്ങളോളം മൃതദേഹത്തിനൊപ്പം പിതാവ് കഴിഞ്ഞതായാണ് പുറത്തുവരുന്ന വിവരം.
പ്രിയങ്കയും പിതാവ് ഉദയ് ഭാൻ ബിശ്വാസും താമസിച്ചിരുന്ന വീട് കഴിഞ്ഞ നാല് മാസമായി പൂട്ടിക്കിടക്കുകയായിരുന്നു. ഇരുവരെയും കാണാതായതിനെത്തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഉദയ് ഭാനെ ബേഗം ബാഗിലെ ഒരു ചായക്കടയിൽ വെച്ച് കണ്ടെത്തുന്നത്. മകളെക്കുറിച്ച് ചോദിച്ചപ്പോൾ പ്രിയങ്ക ഡെറാഡൂണിലെ ആശുപത്രിയിൽ ചികിത്സയിലാണെന്നായിരുന്നു ഇയാൾ ആദ്യം നൽകിയ മറുപടി. എന്നാൽ ബന്ധുക്കൾ കൂടുതൽ ചോദ്യം ചെയ്തതോടെ മകൾ മരിച്ചതായും മൃതദേഹം വീടിനുള്ളിലുണ്ടെന്നും ഇയാൾ സമ്മതിക്കുകയായിരുന്നു.
ബന്ധുക്കൾ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി വീടിന്റെ പൂട്ട് തകർത്ത് അകത്തുകയറിയപ്പോഴാണ് അസ്ഥികൂടം മാത്രമായ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ നിന്നുള്ള ദുർഗന്ധം പുറത്തുവരാതിരിക്കാൻ പെർഫ്യൂം തളിച്ചിരുന്നതായും മരണശേഷം മൂന്ന്-നാല് ദിവസത്തോളം ഇയാൾ മൃതദേഹത്തിനൊപ്പം വീടിനുള്ളിൽ കഴിഞ്ഞതായും പറയപ്പെടുന്നു. പഴയ പേപ്പറുകളും ആക്രി സാധനങ്ങളും കൊണ്ട് വീട് നിറഞ്ഞിരിക്കുകയായിരുന്നു.
പ്രിയങ്കയ്ക്ക് ദീർഘകാലമായി ശാരീരിക അസ്വാസ്ഥ്യങ്ങളും മാനസിക വെല്ലുവിളികളും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. 2013-ൽ പ്രിയങ്കയുടെ അമ്മയും സമാനമായ സാഹചര്യത്തിൽ മരിച്ചതിനെത്തുടർന്ന് പിതാവും മകളും കടുത്ത വിഷാദത്തിലായിരുന്നുവെന്നും ഇവർ ഒറ്റപ്പെട്ടാണ് താമസിച്ചിരുന്നതെന്നും അയൽവാസികൾ മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. തെളിവുകൾ ശേഖരിച്ച ശേഷം കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്ന് പൊലീസ് അറിയിച്ചു.



