ശ്രീനഗർ: ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധത്തിനുള്ള സാധ്യതയുണ്ടെന്നും പാക്കിസ്ഥാനിലെ ജനങ്ങൾ ഇന്ത്യയുമായി സൗഹൃദം ആഗ്രഹിക്കുന്നവരാണെന്നും എന്നാൽ പാക് സൈന്യം അതിന് തയ്യാറാകുന്നില്ലെന്നും കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ള. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് കൂടിയായ ഫാറൂഖ് അബ്ദുല്ല പഹൽഗാമിലെ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം വലിയ സംഘർഷത്തിന്റെ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
നാളെ എന്ത് സംഭവിക്കുമെന്ന് നമുക്കറിയില്ല. ഇന്ന് രണ്ട് രാജ്യങ്ങൾ യുദ്ധത്തിന് തയ്യാറെടുക്കുകയാണ്. ഇത് സംഭവിക്കാതിരിക്കാനും ഭീകരരെയും അവരുടെ പിന്നിലുള്ളവരെയും പിടികൂടാനും ഒരു പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കണം. പഹൽഗാം ആക്രമണത്തിന് വഴിയൊരുക്കിയത് സുരക്ഷാ, രഹസ്യാന്വേഷണ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, പ്രദേശത്തെ അസ്ഥിരപ്പെടുത്താൻ പാകിസ്ഥാൻ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
ആക്രമണത്തിന് കാരണം സുരക്ഷയിലും രഹസ്യാന്വേഷണത്തിലും ഉണ്ടായ വീഴ്ചയാണ്. കശ്മീരികൾ ജീവിതം നന്നായി നയിക്കുന്നത് പാക്കിസ്ഥാന് ഇഷ്ടമായിരുന്നില്ല. അതുകൊണ്ടാണ് പഹൽഗാമിൽ ആക്രമണം നടത്തിയത്. ഇത് ഇന്ത്യയിലെ മുസ്ലിംകളെ എങ്ങനെ ബാധിക്കുമെന്ന് അവർ ചിന്തിച്ചില്ല. കഴിഞ്ഞ 10 വർഷമായി മുസ്ലിംകളെ പൂർണമായി ഇല്ലാതാക്കാനും ഞങ്ങളുടെ പള്ളികൾ കത്തിക്കാനുമായി പ്രചാരണം നടത്തുകയാണ്. ഞങ്ങൾ ഇതിനോട് ഇതിനകം പൊരുതുകയാണ്. പാകിസ്ഥാൻ സൈനിക മേധാവി ജനറൽ അസിം മുനീർ ദ്വിരാഷ്ട്ര സിദ്ധാന്തത്തെക്കുറിച്ച് സംസാരിച്ച് പ്രകോപനം സൃഷ്ടിച്ചു. യുദ്ധം സംഭവിച്ചാൽ എന്ത് സംഭവിക്കുമെന്ന് അല്ലാഹുവിന് മാത്രമേ അറിയൂ-ഫാറുഖ് അബ്ദുല്ല പറഞ്ഞു.