ന്യൂഡല്‍ഹി– എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യാജ ആരോപണം ഉന്നയിക്കുന്നത് ശീലമാക്കുന്നുവെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു. ഛത്തീസ്ഗഢിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീംകോടതി ഇ.ഡിയെ രൂക്ഷമായി വിമര്‍ശിച്ചത്. ജസ്റ്റിസ് അഭയ് എസ് ഓഖ, ഉജ്ജല്‍ ബുയാന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തെളിവുകളില്ലാതെ ആരോപണം ഉന്നയിക്കുന്നത് ഇ.ഡി പതിവാക്കിയിരിക്കുന്നു. ഇതിനുമുമ്പ് പ്രോസിക്യൂഷന്‍ കോടതിയുടെ മുമ്പില്‍ ഇത്തരത്തില്‍ വന്ന് നിന്നിട്ടില്ലെന്ന് കോടതി വ്യക്തമാക്കി. കേസില്‍ പ്രതിചേര്‍ത്ത അരവിന്ദ് സിങ് മദ്യ ഇടപാടിലൂടെ 40 കോടി രൂപ സമ്പാദിച്ചുവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ആരോപിച്ചു. വികാസ് അഗര്‍വാള്‍ എന്നയാളുമായി ഗൂഢാലോചന നടത്തിയാണ് പണം സമ്പാദിച്ചതെന്നും സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു. എന്നാല്‍ ഇരുവരും തമ്മിലുള്ള ബന്ധം തെളിയിക്കാന്‍ ഇ.ഡിക്ക് സാധിച്ചില്ല. വികാസ് അഗര്‍വാളിനെ അറസ്റ്റ് ചെയ്തിട്ടുമില്ല.
കേസ് മെയ് ഒമ്പതിന് വീണ്ടും പരിഗണിക്കും. അതേ സമയം മദ്യ അഴിമതിയുമായി ബന്ധപ്പെട്ട മറ്റൊരു ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ നിങ്ങള്‍ എത്ര ദിവസം ആളുകളെ കസ്റ്റഡിയില്‍ വെക്കുമെന്ന് സുപ്രീംകോടതി ഛത്തീസ്ഗഢ് സര്‍ക്കാറിനോട് ചോദിച്ചു. കേസന്യേഷണം നീണ്ട് പോകുമ്പോഴും കുറ്റാരോപിതര്‍ക്ക് ജാമ്യം ലഭിക്കുന്നില്ല. യഥാര്‍ത്ഥത്തില്‍ അവരെ കസ്റ്റഡിയില്‍ വെച്ച് ശിക്ഷിക്കുകയാണ് ഇ.ഡി ചെയ്യുന്നതെന്നും കോടതി വ്യക്തമാക്കി.