ന്യൂദൽഹി- തുടർച്ചയായ രണ്ടാം ദിവസവും ഇന്ത്യയിലേക്ക് പാക്കിസ്ഥാന്റെ ആക്രമണം. തുർക്കി നിർമിത ഡ്രോണുകൾ ഉപയോഗിച്ചാണ് ഇന്ത്യക്ക് നേരെ പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മേഖലയിൽ പാകിസ്ഥാൻ ഡ്രോണുകൾ ആക്രമണം നടത്തുന്നതിനാൽ ദാൽ തടാകവും സമീപ പ്രദേശങ്ങളും ബ്ലാക്കൗട്ടിലാണ്. തുർക്കി ഡ്രോണുകൾ ഉപയോഗിച്ചാണ് പാക്കിസ്ഥാൻ ഇത്തരം ആക്രമണങ്ങൾ നടത്തുന്നതെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇന്നലെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് ആക്രമണം നടത്താൻ ഉപയോഗിച്ച ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കിയിരുന്നു. ഈ ഡ്രോണുകളുടെ ഫോറൻസിക് പരിശോധന നടന്നുവരികയാണ്. ഉറിയിലേക്ക് ശക്തമായ ഷെല്ലാക്രമണാണ് പാക്കിസ്ഥാൻ നടത്തുന്നത്.
കശ്മീരിലെ അവന്തിപുരയിലും പഞ്ചാബിലും പാക്കിസ്ഥാൻ ഡ്രോണുകൾ ഉപയോഗിച്ചാണ് ആക്രമണം നടത്തുന്നത്. ഇന്നലെ നാന്നൂറോളം ഡ്രോണുകളാണ് ഇന്ത്യക്ക് നേരെ പാക്കിസ്ഥാൻ തൊടുത്തുവിട്ടത്. ഇവ ഇന്ത്യൻ സൈന്യം നിർവീര്യമാക്കുകയും ചെയ്തു. ലേ മുതൽ സർ ക്രീക്ക് വരെയുള്ള പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ ഇന്നലെ ആക്രമണം നടത്തിയത്. ജമ്മുവിന് മുകളിലൂടെ പാക്കിസ്ഥാനിൽനിന്ന് തൊടുത്തുവിട്ട ഡ്രോണുകൾ ഇന്ത്യ നിർവീര്യമാക്കി.
പാക്കിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യ
ശ്രീനഗർ- പാകിസ്ഥാൻ തൊടുത്തുവിട്ട ഡ്രോൺ, മിസൈൽ ആക്രമണങ്ങളുടെ ഒരു തരംഗത്തെ ഒറ്റരാത്രികൊണ്ട് ചെറുത്തുതോൽപ്പിച്ചതായി ഇന്ത്യ. മെയ് 8 നും 9 നും ഇടയിലുള്ള രാത്രിയിൽ പടിഞ്ഞാറൻ അതിർത്തിയിൽ പാകിസ്ഥാൻ സായുധ സേന ഡ്രോണുകളും മറ്റ് യുദ്ധോപകരണങ്ങളും ഉപയോഗിച്ച് ഒന്നിലധികം ആക്രമണങ്ങൾ നടത്തിയെന്ന് ഇന്ത്യൻ സൈന്യം വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഡ്രോൺ ആക്രമണങ്ങൾക്കെതിരെ ഫലപ്രദമായി തിരിച്ചടിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി.
വ്യാഴാഴ്ച പാകിസ്ഥാൻ സൈന്യം കശ്മീരിലെ രണ്ട് സൈനിക കേന്ദ്രങ്ങളെയും അയൽ സംസ്ഥാനമായ പഞ്ചാബിലെ ഒരു സൈനിക കേന്ദ്രത്തെയും ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നും ഇന്ത്യ അറിയിച്ചു. കശ്മീർ തലസ്ഥാനമായ ശ്രീനഗറിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള ഉറിയിൽ രാത്രി നടന്ന കനത്ത ഷെല്ലാക്രമണത്തിൽ ഒരു സ്ത്രീ മരിക്കുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
കശ്മീരിന്റെ ചില ഭാഗങ്ങളിലും അയൽ സംസ്ഥാനമായ പഞ്ചാബിലെ ആറ് അതിർത്തി ജില്ലകളിലും പ്രവിശ്യാ തലസ്ഥാനമായ ചണ്ഡീഗഡിലും പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന രാജസ്ഥാനിലും ഇന്ന് വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ഇന്ത്യ 24 വിമാനത്താവളങ്ങൾ അടച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.അതിനിടെ
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച ഇരു രാജ്യങ്ങളിലെയും നേതാക്കളുമായി സംസാരിക്കുകയും സംഘർഷം ഉടൻ കുറയ്ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.