- എല്ലാവർക്കും എന്റേതാണ് എന്ന് പറയാൻ ഒരു ആഗ്രഹമുണ്ട്, ഈ കാലഘട്ടത്തിലാണ് വിഴിഞ്ഞം തുറമുഖം നിർമിച്ചത് എന്നാകും ചരിത്രം രേഖപ്പെടുത്തുകയെന്നും ദിവ്യ എസ് അയ്യർ അഭിപ്രായപ്പെട്ടു
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി രാഷ്ട്രീയ വിവാദം കൊടുമ്പിരി കൊള്ളവെ പ്രതികരണവുമായി വിഴിഞ്ഞം തുറമുഖ എം.ഡി ദിവ്യ എസ് അയ്യർ്. നാടിനാണ് വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റ്. എല്ലാവർക്കും എന്റേതാണ് എന്ന് പറയാൻ ഒരു ആഗ്രഹമുണ്ട്. ഈ കാലഘട്ടത്തിലാണ് ഇത് നിർമിച്ചത് എന്നാകും ചരിത്രത്തിൽ രേഖപ്പെടുത്തുക എന്നും ദിവ്യ എസ് അയ്യർ ചൂണ്ടിക്കാട്ടി.


വിഴിഞ്ഞം തുറമുഖത്തിന്റെ എം.ഡിയായി ചുമതലയേറ്റെടുത്ത ദിവസം തന്നെ ‘പോർട്‌സ് ഓഫ് ഏൻഷ്യന്റ് ഇന്ത്യൻ ഓഷ്യൻ’ എന്ന പുസ്തകമാണ് വാങ്ങിയത്. തുറമുഖങ്ങളുടെ ചരിത്രം പഠിച്ചു. സഹപ്രവർത്തകരുടെയും സർക്കാരിന്റെയും സഹകരണത്തോടെ ഓരോ പ്രശ്‌നങ്ങൾക്കും സമചിത്തതയോടെ പരിഹാരം കണ്ടെത്തി. പ്രശ്‌നങ്ങളെയൊന്നും ഒഴിവാക്കിയിട്ടില്ല. പ്രശ്‌നങ്ങളെയും കൊണ്ടുള്ള യാത്രയാണ് ഇതെന്നും ദിവ്യ എസ് അയ്യർ വ്യ്ക്തമാക്കി.
വിഴിഞ്ഞവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ എല്ലാം സൂചിപ്പിച്ച് കഴിഞ്ഞല്ലോയെന്നും ദിവ്യ പറഞ്ഞു. ആഹ്ലാദവും ആവേശവും ഒരേ തോതിലാണ്. ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കാനാവുന്നതിൽ സന്തോഷമുണ്ട്. ഇതിൽ ഭാഗമാകാനായതിൽ അഭിമാനവുമുണ്ട്. ഇപ്രാവശ്യം അവതാരകയല്ല. ഇന്ന് റീൽസൊന്നും ഉണ്ടാകില്ല. സംഘാടനത്തിൽ ഒരുപാട് ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഉണ്ടെന്നും അവർ പറഞ്ഞു.







