ന്യൂദൽഹി- ലോകത്ത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത് യു.എ.ഇയിൽ. കഴിഞ്ഞ ദിവസം കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധന് സിംഗാണ് പാർലമെന്റിൽ ഇക്കാര്യം അറിയിച്ചത്. 29 ഇന്ത്യക്കാരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് യു.എ.ഇയിലെ ജയിലുകളിൽ കഴിയുന്നത്.
മന്ത്രി പാർലമെന്റിൽ ഈ റിപ്പോർട്ട് അവതരിപ്പിച്ച ശേഷം മൂന്നു ഇന്ത്യക്കാരുടെ വധശിക്ഷ യു.എ.ഇ ജയിലിൽ നടപ്പാക്കി. ഇതിൽ രണ്ടു പേർ മലയാളികളാണ്. കഴിഞ്ഞ ദിവസം വധശിക്ഷ നടപ്പാക്കിയ രണ്ടു പേരും കണ്ണൂർ ജില്ലയിൽനിന്നുള്ളവരാണ്. കണ്ണൂർ തയ്യിൽ സ്വദേശി മുരളീധരൻ (43), തലശ്ശേരി നെട്ടൂർ സ്വദേശി മുഹമ്മദ് റിനാഷ് (29) എന്നിവർക്കാണ് ശിക്ഷ നടപ്പാക്കിയത്.
മോഷണശ്രമത്തിനിടെ മരിച്ച ഇന്ത്യക്കാരൻ മൊയ്തീനെ തേടിയുള്ള അന്വേഷണമാണ് പ്രതി മുരളീധരനിലേക്ക് എത്തിയത്. മരിച്ച മൊയ്തീനെ മരുഭൂമിയിൽ കുഴിച്ചിടുകയായിരുന്നു. മൊയ്തീനെ കാണാനില്ലന്ന് ചൂണ്ടിക്കാട്ടി കുടുംബം നൽകിയ പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥർ മൊയ്തീന്റെ ഫോണിൽ മറ്റൊരു സിം പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിനു പുറകയെ നടത്തിയ അന്വേഷണത്തിലാണ് മുരളിധരൻ പിടിയിലായത്.
രണ്ടുവർഷമായി ദുബായ് അൽ ഐൻ മനാസിർ ജയിലിലായിരുന്നു റിനാഷ്. മൂന്നുവർഷം മുൻപാണ് ജോലി തേടി ദുബായിയിൽ പോയത്. 2023 ഫെബ്രുവരി എട്ടിനാണ് കൊലപാതകം നടന്നത്. മകനെ രക്ഷിക്കാൻ മാതാവ് അറംഗലോട്ട് ലൈല പലരെയും സമീപിച്ചിരുന്നു. മകനെ ജയിലിൽ പോയി ലൈല കണ്ടിരുന്നു. വധശിഷ മടപ്പാക്കിയ വിവരമറിഞ്ഞ് ലൈലയും മക്കളായ റിയാസും സജീറും ദുബായിലെത്തി.

ദുബായ് അൽ ഐനിൽ ട്രാവൽ ഏജൻസിയിൽ 2021-ലാണ് റിനാഷ് ജോലിയിൽ പ്രവേശിച്ചത്. അതിനിടെ പരിചയപ്പെട്ട യു.എ.ഇ. പൗരന്റെ വീട്ടിലേക്ക് സാധനങ്ങൾ വാങ്ങി നൽകുകയും ചെയ്‌തിരുന്നു. അറബിയുടെ വീട്ടിൽവെച്ച് റിനാഷും കൊല്ലപ്പെട്ട അബ്‌ദുല്ല സിയാദ് റാഷിദ് അൽ മൻസൂരിയും തമ്മിൽ വാക്കുതർക്കമുണ്ടായി. പിടിവലിക്കിടെ കുത്തേറ്റ് സിയാദ് റാഷിദ് അൽ മൻസൂരി മരിച്ചെന്നാണ് കേസ്.
യുപിയിലെ ബന്ദ ജില്ലയിൽ നിന്നുള്ള 33 കാരിയായ ഷഹ്‌സാദി ഖാന്റെ വധശിക്ഷ ഫെബ്രുവരി 15 നാണ് അബുദാബിയിൽ നടപ്പിലാക്കിയത്. രണ്ടു മലയാളികളുടെ വധശിക്ഷ കഴിഞ്ഞ ദിവസം നടപ്പാക്കി. ഇനി 26 പേരാണ് ജയിലുകളിൽ കഴിയുന്നത്.
സൗദി അറേബ്യയിൽ 12 ഇന്ത്യക്കാരും, കുവൈറ്റിൽ മൂന്ന് പേരും, ഖത്തറിൽ ഒരാളും വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടതായി മന്ത്രി പാർലമെന്റിൽ പറഞ്ഞു. വിദേശത്താകമാനം 54 പേരാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്നത്. മുസ്ലീം ലീഗ് എം.പി ഹാരിസ് ബീരാന്റെ ചോദ്യത്തിനാണ് മന്ത്രി കീർത്തി വർധൻ സിംഗ് ഇക്കാര്യം പറഞ്ഞത്.
തൃണമൂൽ കോൺഗ്രസ് അംഗം സാകേത് ഗോഖലെയുടെ മറ്റൊരു ചോദ്യത്തിന് മറുപടിയായി, വിദേശ ജയിലുകളിൽ നിലവിൽ വിചാരണ തടവുകാർ ഉൾപ്പെടെ ഇന്ത്യൻ തടവുകാരുടെ എണ്ണം 10,152 ആണെന്ന് കീർത്തി വർധൻ സിംഗ് പറഞ്ഞു. സൗദി അറേബ്യ (2,633), യു.എ.ഇ (2,518) എന്നീ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ തടവുകാരുള്ളതെന്ന് മന്ത്രി പറഞ്ഞു.