ചെന്നൈ– പോലീസ് മർദ്ദനത്തെ തുടർന്ന് കസ്റ്റഡിയിൽ മരിച്ചതായി ആരോപിക്കപ്പെടുന്ന ക്ഷേത്ര ഗാർഡ് അജിത് കുമാറിന് നീതി ആവശ്യപ്പെട്ട് തമിഴ്നാട്ടിൽ വൻ പ്രതിഷേധം സംഘടിപ്പിച്ച് നടൻ വിജയിയുടെ പാർട്ടി. തമിഴ്‌ഗ വെട്രി കഴകത്തിൻ്റെ പ്രതിഷേധത്തിനിടെ തമിഴ്‌നാട്ടിലെ ഡിഎംകെ സർക്കാരിനെതിരെ വിജയ് രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചത്.
എം.കെ സ്റ്റാലിൻ്റെ ഭരണ കാലത്ത് ഇതുവരെ 24 കസ്റ്റഡി കൊലപാതകങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഇതിൽ എത്രപേരോട് മുഖ്യമന്ത്രി ക്ഷമ ചോദിച്ചിട്ടുണ്ടെന്നും വിജയ് ചോദിച്ചു. അജിത് കുമാറിന്റെ കുടുംബത്തിന് നൽകിയതുപോലെ 24 പേരുടെയും കുടുംബത്തിന് നഷ്ടപരിഹാരം നൽകിയോ? ഇല്ലെങ്കിൽ എല്ലാ ഇരകൾക്കും അത് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയരാജ് ആൻഡ് ബെന്നിക്സ് കേസ് സിബിഐക്ക് മാറ്റിയപ്പോൾ, അതിനെ പോലീസ് സേനയ്ക്ക് അപമാനമാണെന്നായിരുന്നു ഡി.എം.കെ വിശേഷിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഈ കേസ് അതേ സിബിഐക്കാണ് ഭരണകൂടം നൽകിയിട്ടുള്ളത്. അപ്പോൾ എന്താണ് നിങ്ങൾ അതിനെ വിശേഷിപ്പിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ടിവികെ ആരംഭിച്ചതിനു ശേഷമുള്ള തന്റെ ആദ്യത്തെ വലിയ പൊതു പ്രതിഷേധത്തിൽ ചെന്നൈയിൽ നൂറുകണക്കിന് അനുയായികൾക്ക് മുന്നിൽ സംസാരിച്ച വിജയ്, വർദ്ധിച്ചുവരുന്ന കസ്റ്റഡി മരണങ്ങളോടുള്ള സംസ്ഥാനത്തിന്റെ പ്രതികരണത്തെ പരിഹസിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ “സോറി മാ മോഡൽ” സർക്കാരാണെന്ന് വിജയ് വിശേഷിപ്പിച്ചു.
അജിത് കുമാറിന്റെ കേസ് മാത്രം എന്തിന് സിബിഐ ക്ക് കൊടുത്തുവെന്ന് വിജയ് ചോദിച്ചു. എല്ലാത്തിനും കോടതിയിൽ പോകാൻ ആണെങ്കിൽ സർക്കാർ എന്തിനാണെന്നും എല്ലാത്തിനും മാപ്പ് പറയാൻ മാത്രമുള്ള സർക്കാരാണ് തമിഴ്നാട്ടിലേതെന്നും വിജയ് വിമർശിച്ചു. സർക്കാരിന്റെ അവസാന സമയമായപ്പോഴേക്കും കണ്ണിൽ പൊടിയിടാനായിട്ടാണ് കേസ് സിബിഐയ്ക്ക് കൈമാറിയതെന്ന് വിജയ് പറഞ്ഞു. ഇപ്പോൾ സിബിഐ ആർഎസ്എസിന്റെയും ബിജെപിയുടെയും കൈയിലല്ലേയെന്നും വിജയ് ചോദിച്ചു.
പൊലീസ് കസ്റ്റഡിയിൽ ഇരിക്കേ മരിച്ചവരുടെ ബന്ധുക്കളും വേദിയിലുണ്ടായിരുന്നു. കർശന ഉപാധികളോടെയാണ് പ്രതിഷേധത്തിന് പൊലീസ് അനുമതി നൽകിയത്. കറുത്ത വസ്ത്രം ധരിച്ച് പ്ലക്കാർഡുമേന്തിയാണ് വിജയ് പ്രതിഷേധത്തിന് എത്തിയത്. തമിഴക വെട്രി കഴകം(ടിവികെ) രൂപീകരിച്ച ശേഷമുള്ള ആദ്യ പ്രതിഷേധ പരിപാടിയിൽ വൻ പങ്കാളിത്തമാണുണ്ടായത്. 2026ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനകീയ വിഷയങ്ങളിൽ ഊന്നൽ നൽകിയുള്ള പ്രക്ഷോഭാ പരിപാടികൾക്കാണ് തമിഴക വെട്രി കഴകം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് തമിഴ്നാട്ടിലെ കസ്റ്റഡി മരണങ്ങളിൽ ചെന്നൈയിൽ തമിഴക വെട്രിക് കഴകത്തിന്റെ പ്രതിഷേധം നടന്നത്.