ന്യൂഡൽഹി– സുപ്രീം കോടതിക്കെതിരായ തൻ്റെ പരാമർശങ്ങളെച്ചൊല്ലിയുള്ള വിമർശനങ്ങളോട് പ്രതികരിച്ച് ജാമിയ്യത്തുൽ ഉലമായെ ഹിന്ദ് നേതാവ് മൗലാനാ മദനി രംഗത്തെത്തി. സുപ്രിം കോടതിക്കെതിരെ രാജ്യത്തെ മുസ്ലിംകൾക്കിടയിൽ ഉള്ള വികാരം ശക്തമാണ്. അത് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്- അദ്ദേഹം വ്യക്തമാക്കി.
“താൻ വെറുമൊരു വ്യക്തിയല്ല, ഒരു പ്രത്യേക സമുദായവുമായി ബന്ധമുള്ള ഒരു സംഘടനയെ പ്രതിനിധീകരിക്കുന്നയാളാണ്. ആ സമുദായത്തിൻ്റെ വികാരങ്ങൾ രാജ്യത്തിന് മുന്നിലോ ജനങ്ങൾക്ക് മുന്നിലോ എത്തിച്ചില്ലെങ്കിൽ താൻ അവിശ്വസ്തനും വഞ്ചകനുമാകും.”_ എ.എൻ.ഐ ന്യൂസ് ഏജൻസിയുമായി സംസാരിക്കവെ അദ്ദേഹം വിശദീകരിച്ചു.
ചില സന്ദർഭങ്ങൾ വിലയിരുത്തുമ്പോൾ, താൻ പ്രകടിപ്പിച്ച ഈ വികാരം തെറ്റായിരിക്കാം. കാരണം, കോടതിയിൽ നിന്ന് നിരവധി നല്ല വിധികളും ഉണ്ടായിട്ടുണ്ട്. അത് എപ്പോഴും പ്രശംസിക്കപ്പെടുകയും ചെയ്യാറുണ്ട്. തൻ്റെ സംഘടനയുടെ പ്രമേയങ്ങളിൽ, ഒന്നോ രണ്ടോ തവണയല്ല, ഏകദേശം ഇരുപതോളം തവണ, സുപ്രീം കോടതി തങ്ങൾക്ക് വലിയ പ്രതീക്ഷയും വലിയ പിന്തുണയുമാണെന്ന് പറഞ്ഞിട്ടുണ്ട്.
ഇന്ത്യൻ ഭരണഘടനയുടെ നിർമ്മാതാക്കൾ മുന്നോട്ട് വെച്ച ആശയം അനുസരിച്ച്, ജനാധിപത്യത്തിൻ്റെ നാല് തൂണുകളിൽ ഒന്നാണ് നീതിന്യായ വ്യവസ്ഥ. ഭൂരിപക്ഷാധിപത്യം കടന്നുവരാതിരിക്കാനാണ് ഇതിനെ സ്ഥാപിച്ചിരിക്കുന്നത്. ഭൂരിപക്ഷം ആളുകൾ ഒരുമിച്ച് ഒരു നിയമം ഉണ്ടാക്കിയാലും, അത് അന്തിമമാകാതിരിക്കാൻ ഒരു സംവിധാനം ഇടയിൽ സ്ഥാപിച്ചിട്ടുണ്ട്.
തങ്ങൾക്ക് നിലനിൽക്കുന്ന സുരക്ഷിതത്വമില്ലായ്മയുടെ വികാരം ശരിയല്ലേ എന്ന ചോദ്യത്തിന്, ഈ അവസ്ഥ മനസ്സിലാക്കാൻ ഒരാൾ മുസ്ലിമായിരിക്കണം എന്ന് മൗലാനാ മദനി പ്രതികരിച്ചു.
മറ്റൊരാൾക്ക് വിയോജിക്കാൻ അവകാശമുണ്ട്, പക്ഷെ തങ്ങളെ ‘ഒരു ചുമരിനോട് ചേർത്തു നിർത്തിയതായി’ തങ്ങൾ അനുഭവിക്കുന്നുണ്ടെന്നും, ഈ കാര്യം പറയാനുള്ള തൻ്റെ അവകാശം എന്തിനാണ് നിഷേധിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.



