മുംബൈ: 100 രൂപ വിലയുള്ള രാഖി ഡെലിവർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് പ്രമുഖ ഓൺലൈൻ റീടെയ്ൽ പ്ലാറ്റ്‌ഫോം ആയ ആമസോൺ 40,000 രൂപ നൽകണമെന്ന് മുംബൈയിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു. 2019-ൽ ആരംഭിച്ച നിയമവ്യവഹാരത്തിനൊടുവിലാണ് പരാതിക്കാരി അനുകൂല വിധി സമ്പാദിച്ചത്.
2019 ഓഗസ്റ്റ് 2-ന് ആമസോൺ വെബ്‌സൈറ്റ് വഴി പരാതിക്കാരി 100 രൂപ വിലയുള്ള കുട്ടികളുടെ രാഖി ഓർഡർ ചെയ്തിരുന്നു. ഓഗസ്റ്റ് 8-നും 13-നുമിടയിൽ ഡെലിവറി വാഗ്ദാനം ചെയ്‌തെങ്കിലും ഉൽപ്പന്നം എത്തിയില്ല. മാത്രമല്ല, ഓർഡർ ചെയ്ത ദിവസത്തിനും മുമ്പേ ജൂലൈ 25-ന് ഉൽപ്പന്നം ഷിപ്പ് ചെയ്തതായി വെബ്‌സൈറ്റിലെ ട്രാക്കിങ് വിവരങ്ങളിൽ കാണിക്കുകയും ചെയ്തു. അടച്ചുപൂട്ടിയ ഒരു കൊറിയർ കമ്പനിയെയാണ് ആമസോൺ ഡെലിവറി ഏൽപ്പിച്ചിരുന്നത് എന്നും പിന്നീട് കണ്ടെത്തി.
പറഞ്ഞ സമയത്തിന് ഓർഡർ ലഭ്യമാക്കാൻ കഴിയാതിരുന്ന ആമസോൺ ഓർഡർ റദ്ദാക്കുകയും 100 രൂപ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് തിരികെ നൽകുകയും ചെയ്തു. സമാനമായ അനുഭവം മറ്റു പലർക്കും ഉണ്ടായി എന്ന കാര്യം ശ്രദ്ധയിൽ പെട്ടതോടെ അവർ നാലര ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. റീടെയ്‌ലർ മാത്രമായ തങ്ങൾക്ക് വിൽപ്പനക്കാരുടെ വീഴ്ചയിൽ ഉത്തരവാദിത്തമില്ലെന്ന് ആമസോൺ വാദിച്ചെങ്കിലും, കമ്മീഷൻ ഇക്കാര്യം അംഗീകരിച്ചില്ല. ഉൽപ്പന്നം ഡെലിവർ ചെയ്യേണ്ട ഉത്തരവാദിത്തം ആമസോണിനാണെന്നും, അതിൽ വീഴ്ച വരുത്തിയത് സേവനത്തിലെ വീഴ്ചയും കുറവും അന്യായ വ്യാപാര രീതിയുമാണെന്നും കമ്മീഷൻ വിധിച്ചു.
”ഓൺലൈൻ മാർക്കറ്റ് പ്ലേസായ ആമസോൺ, ഉപഭോക്താക്കൾ വെബ്‌സൈറ്റിൽ ക്ലിക്ക് ചെയ്യുമ്പോൾ വരുമാനം നേടുന്നു. ഓർഡർ സ്വീകരിക്കുന്നതിന് മുമ്പ് വിൽപ്പനക്കാരന്റെ വിശദാംശങ്ങളും സ്ഥിതിയും പരിശോധിക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്. അത് ചെയ്യാതിരുന്നത് സേവനത്തിലെ കുറവാണ്” – കമ്മീഷൻ പ്രസിഡന്റ് സമിന്ദാര ആർ. സുർവേയും അംഗം സമീർ എസ്. കാംബിളും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
60 ദിവസത്തിനുള്ളിൽ 30,000 രൂപ നഷ്ടപരിഹാരവും 10,000 രൂപ നിയമച്ചെലവും നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. സമയബന്ധിതമായി അടച്ചില്ലെങ്കിൽ, പണം ലഭിക്കുന്നതുവരെ വർഷം തോറും 6 ശതമാനം പലിശ നൽകേണ്ടിവരും.
രാഖി തന്റെ സഹോദരന്റെ മകനു വേണ്ടിയാണ് ഓർഡർ ചെയ്തതെന്നും, ഡെലിവറി ലഭിക്കാത്ത് വൈകാരിക വേദനയും മനഃക്ലേശവും ഉണ്ടാക്കിയെന്നും തെളിയിക്കാൻ കഴിയാതിരുന്നതിനാലാണ് പരാതിക്കാരി ആവശ്യപ്പെട്ട 4.5 ലക്ഷം രൂപ കമ്മീഷൻ 30,000 രൂപയായി കുറച്ചത്. 10,000 രൂപ നഷ്ടപരിഹാരമായി നൽകണമെന്നും വിധിച്ച കമ്മീഷൻ രാഖി വിപണിയിൽ ലഭിക്കാത്ത വസ്തുവല്ലെന്നും കമ്മീഷൻ നിരീക്ഷിച്ചു.