ചെന്നൈ– തമിഴ്‌നാട്ടിൽ നടൻ വിജയ്‍യുടെ പാർട്ടിയെ (TVK) കോൺഗ്രസ് പിന്തുണച്ചതിന് പിന്നാലെ, കോൺഗ്രസിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ. കോൺഗ്രസിനെ ഇനി ഒരിക്കലും വിശ്വസിക്കരുതെന്നും അവരെ നമ്മുടെ അടുത്തേക്ക് പോലും അടുപ്പിക്കരുതെന്നും ചെന്നൈയിൽ നടന്ന പാർട്ടി യോഗത്തിൽ അദ്ദേഹം തുറന്നടിച്ചു. ഇന്ത്യയിലുടനീളം ബിജെപി വളർന്നതിന് കാരണം കോൺഗ്രസ് ആണെന്നും ഉദയനിധി കുറ്റപ്പെടുത്തി.
നരേന്ദ്ര മോദിയും അമിത് ഷായുമാണ് രാജ്യത്ത് ബിജെപിയുടെ വിജയത്തിന് കാരണമെന്നാണ് താൻ കരുതിയിരുന്നത്. എന്നാൽ കോൺഗ്രസാണ് അതിന് വഴിയൊരുക്കിയതെന്ന് ഇപ്പോൾ വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പാർലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ കോൺഗ്രസിനെ തോളിലേറ്റിയാണ് വിജയത്തിലെത്തിച്ചത്. ഡിഎംകെ പ്രവർത്തകരുടെയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെയും കഠിനാധ്വാനം കൊണ്ടാണ് കോൺഗ്രസിന് അഞ്ച് എംഎൽഎമാരെ വിജയിപ്പിക്കാനായത്.
എം.കെ. സ്റ്റാലിൻ വീണ്ടും മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ചാണ് ജനങ്ങൾ അവർക്ക് വോട്ട് ചെയ്തത്. എന്നാൽ, അടിസ്ഥാനപരമായ നന്ദിയോ മര്യാദയോ കാണിക്കാൻ കോൺഗ്രസ് തയ്യാറായില്ലെന്ന് ഉദയനിധി പറഞ്ഞു. ഇന്ന് ചില പദവികൾക്ക് വേണ്ടി ഡിഎംകെയെ അറിയിക്കുക പോലും ചെയ്യാതെ അവർ ഓടിപ്പോയി. അടിസ്ഥാനപരമായ നന്ദിയും മര്യാദയുമില്ലാത്ത കോൺഗ്രസിനെ നമ്മൾ ഇനി ഒരിക്കലും വിശ്വസിക്കരുത്. തമിഴ്‌നാട്ടിലെ ജനങ്ങൾ അവർക്ക് ഉടൻ തന്നെ നല്ലൊരു പാഠം പഠിപ്പിക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി.
യോഗത്തിൽ കോൺഗ്രസിനെ പിന്നിൽ നിന്ന് കുത്തിയവർ എന്നും സഖ്യകക്ഷികളുടെ അധ്വാനം ചൂഷണം ചെയ്യുന്ന അട്ടകൾ എന്നും വിശേഷിപ്പിക്കുന്ന പ്രമേയങ്ങൾ ഡിഎംകെ പാസാക്കി. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതിരുന്ന വിജയ്‍യുടെ ടിവികെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് ഡിഎംകെ-കോൺഗ്രസ് സഖ്യത്തിൽ വിള്ളൽ വീണത്. പുതിയ തലമുറയിലെ വോട്ടർമാർക്കിടയിലും കുടുംബങ്ങൾക്കിടയിലും രാഷ്ട്രീയ ബോധവൽക്കരണം നടത്താൻ യൂത്ത് വിങ് ഭാരവാഹികളോട് ഉദയനിധി ആവശ്യപ്പെട്ടു. അതേസമയം, ടിവികെ സർക്കാർ അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കില്ലെന്ന് ഡിഎംകെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ ആവർത്തിച്ചു.



