തൂത്തുക്കുടി: തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ റോഡരികിലെ തുറന്ന കിണറിലേക്ക് ഓമ്‌നി കാർ മറിഞ്ഞ് ഒന്നര വയസ്സുള്ള കുഞ്ഞടക്കം അഞ്ചു പേർ മരിച്ചു. തൂത്തുക്കുടി ജില്ലയിലെ സാത്താങ്കുളത്ത് ശനിയാഴ്ചയാണ് സംഭവം. സാത്താങ്കുളത്തിനടുത്തുള്ള കൃസ്ത്യൻ ദേവാലയത്തിലെ ചടങ്ങിനായി കോയമ്പത്തൂരിൽ നിന്നെത്തിയവരാണ് ദുരന്തത്തിന് ഇരയായത്.
ശനിയാഴ്ച രാവിലെയാണ് എട്ടുപേരടങ്ങുന്ന സംഘം സാത്താങ്കുളത്തേക്ക് ഓമ്‌നി കാറിൽ പുറപ്പെട്ടത്. മോസസ് (50) എന്നയാളാണ് കാർ ഓടിച്ചിരുന്നത്. വൈകീട്ട് നാലുമണിയോടെ ചിന്താമണിക്കും മീരാംകുളത്തിനും ഇടയിൽ സാത്താങ്കുളത്തിന് സമീപം വച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ റോഡിന്റെ വലതുവശത്തെ കിണറ്റിലേക്ക് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന ഷൈനി കൃപാകരൻ, ജെറിൻ എസ്തർ എന്നിവർ കാറിന്റെ ഡോർ തുറന്ന് പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. മോസസ്, ഭാര്യ വസന്ത, മകൻ ഹെർസോം, രവി കൊയിൽ പിച്ചൈ, ഭാര്യ ലെട്രിയ കൃപ, ഹെർസോമിന്റെ ഒന്നര വയസുള്ള മകൻ സ്റ്റാലിൻ എന്നിവരാണ് കാറിനൊപ്പം കിണറ്റിൽ വീണത്.
കാർ കിണറ്റിലേക്ക് ചാടുന്നത് കണ്ട നാട്ടുകാർ ഉടൻ തന്നെ സാത്താൻകുളം അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചു. വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്ന ഹെർസോമിനെ ഗ്രാമവാസികൾ രക്ഷപ്പെടുത്തി. സാത്താൻകുളം, നങ്കുനേരി എന്നിവിടങ്ങളിൽ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങൾ കിണറ്റിലെത്തി വെള്ളത്തിൽ മുങ്ങിയവർക്കായി തിരച്ചിൽ നടത്തി.
കിണറിന് 50 അടിയോളം താഴ്ചയുള്ളതിനാൽ രണ്ടുമണിക്കൂറിലധികം തിരച്ചിൽ നടത്തിയിട്ടും കാർ പുറത്തെടുക്കാനോ മൃതദേഹങ്ങൾ കണ്ടെത്താനോ കഴിഞ്ഞില്ല. തുടർന്ന് ജെസിബി എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് തൂത്തുക്കുടിയിൽ നിന്ന് സ്‌കൂബാ ഡൈവർമാർ എത്തിയ ശേഷം രാത്രി ഇരുട്ടിയ ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.
റോഡിൽ നിന്ന് കിണറിലേക്ക് 20 മീറ്റർ ദൂരമുണ്ടെന്നും നിയന്ത്രണം വിട്ട് അമിതവേഗത്തിലാണ് കാർ കിണറ്റിനരികിലേക്ക് എത്തിയതെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടർന്ന് തമിഴ്‌നാട്ടിലെ റോഡരികിൽ മറയില്ലാതെ സ്ഥിതി ചെയ്യുന്ന കിണറുകൾ കണ്ടെത്താനും സുരക്ഷ ഉറപ്പാക്കാനും ചീഫ് സെക്രട്ടറി ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകി.