ന്യൂദൽഹി: ദൽഹി വിമാനത്താവളത്തിലെ ടെർമിനൽ 3-ൽ എയർ ഇന്ത്യ വിമാനത്തിന് മീറ്ററുകൾ അകലെ പാർക്ക് ചെയ്തിരുന്ന ബസിന് തീപിടിച്ചു. ഒന്നിലധികം വിമാനക്കമ്പനികൾക്ക് ഗ്രൗണ്ട് സർവീസുകൾ കൈകാര്യം ചെയ്യുന്ന എസ്.എ.ടി.എസ് (SATS) എയർപോർട്ട് സർവീസസ് പ്രൈവറ്റ് ലിമിറ്റഡ് നടത്തിയിരുന്ന ബസിനാണ് തീ പിടിച്ചത്. സംഭവസമയത്ത് ബസിനകത്ത് ആളുകളുണ്ടായിരുന്നില്ല.
ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ട് (IGIA) നടത്തുന്ന ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ” ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സർവീസ് നടത്തിയിരുന്ന ഒരു ബസിന് ഇന്ന് ഉച്ചയോടെ തീപിടിച്ചു. ഞങ്ങളുടെ വിദഗ്ധ സംഘം ഉടൻ തന്നെ തീ അണച്ചു. പരിക്കുകളോ ആളപായമോ ഉണ്ടായില്ല. എല്ലാ പ്രവർത്തനങ്ങളും സാധാരണ നിലയിലായിരുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഞങ്ങൾക്ക് ഇപ്പോഴും പരമപ്രധാനമാണെന്നും അധികൃതർ എക്സിൽ പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.



