ന്യൂഡൽഹി– ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംപി നിഷികാന്ത് ദുബെ പാർലമെന്റിൽ നോട്ടീസ് നൽകി. വിദേശശക്തികളുമായി ചേർന്ന് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നു എന്ന ഗുരുതരമായ ആരോപണമാണ് നോട്ടീസിൽ ഉന്നയിച്ചിരിക്കുന്നത്. മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം പാർലമെന്റിൽ ഉയർത്തിക്കാട്ടിയതും, കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ ‘എപ്സ്റ്റീൻ ഫയൽസ്’ പരാമർശം നടത്തിയതുമാണ് പുതിയ വിവാദങ്ങൾക്ക് വഴിതെളിച്ചത്.
രാജ്യത്തെ അപകീർത്തിപ്പെടുത്താൻ രാഹുൽ ഗാന്ധി നിരന്തരം ശ്രമിക്കുന്നുവെന്ന് നിഷികാന്ത് ദുബെ ആരോപിച്ചു. രാജ്യത്തെ തകർക്കാൻ ശ്രമിക്കുന്ന വിദേശ ശക്തികൾ ആർക്കാണ് ഫണ്ടിംഗ് നൽകുന്നത്? നരവാനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം ഇദ്ദേഹത്തിന് എങ്ങനെ ലഭിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. രാഹുൽ ഗാന്ധി ‘സോറോസ് ഫൗണ്ടേഷന്റെ’ ചാരനാണെന്നും ഇന്ത്യൻ ബാങ്കിംഗ് വ്യവസ്ഥ തകർന്നുവെന്ന തെറ്റായ ചിത്രം നൽകി വിദേശ രാജ്യങ്ങളെ സഹായിക്കുകയാണെന്നും ദുബെ നോട്ടീസിൽ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പാർലമെന്റിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിക്കെതിരെ രാഹുൽ ഗാന്ധി രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിവാദമായ എപ്സ്റ്റീൻ ഫയലുകളിൽ മന്ത്രിയുടെ പേരുണ്ടെന്ന പരാമർശമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. എന്നാൽ ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തന്റെ സന്ദർശനങ്ങൾ ഔദ്യോഗികമായിരുന്നുവെന്നും ഹർദീപ് സിംഗ് പുരി വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ബിജെപി ചീഫ് വിപ്പ് സഞ്ജയ് ജയ്‌സ്വാൾ സ്പീക്കറോട് ആവശ്യപ്പെട്ടു.
ബിജെപിയുടെ നീക്കത്തെ പരിഹാസത്തോടെയാണ് കോൺഗ്രസ് നേരിട്ടത്. ലോക്സഭയിലെ ബിജെപിയുടെ ഇരട്ടത്താപ്പ് തുറന്നുകാട്ടിയാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ രംഗത്തെത്തിയത്. രാഹുൽ ഗാന്ധിയുടെ പരാമർശങ്ങൾ സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യുമ്പോൾ, സമാനമായ രീതിയിൽ ധനമന്ത്രി നിർമല സീതാരാമൻ നടത്തിയ പ്രസംഗങ്ങൾ നിലനിർത്തുന്നത് ഇതിന് തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.കഴിഞ്ഞ തവണ രാഹുലിനെ അയോഗ്യനാക്കി. പക്ഷേ ഇത്തവണ മോദിയേക്കാൾ വലിയ ഭൂരിപക്ഷത്തിലാണ് ജനങ്ങൾ അദ്ദേഹത്തെ വിജയിപ്പിച്ചത്. ഞങ്ങൾക്ക് ഈ നോട്ടീസുകളിൽ ഒരു ഭയവുമില്ല. നിങ്ങൾക്ക് വേണമെങ്കിൽ എന്നെ തൂക്കിലേറ്റിക്കോളൂവെന്നും വേണുഗോപാൽ പറഞ്ഞു.
നിഷികാന്ത് ദുബെയുടെ നീക്കം മന്ത്രിസ്ഥാനം മോഹിച്ചുള്ളതാണെന്ന് കോൺഗ്രസ് എംപി രേണുക ചൗധരി പരിഹസിച്ചു. ബിജെപി എംപിമാർക്ക് പ്രിവിലേജ് മോഷൻ (അവകാശ ലംഘന നോട്ടീസ്) എന്താണെന്ന് പോലും അറിയില്ലെന്ന് അവർ കുറ്റപ്പെടുത്തി. പാർലമെന്റ് വളപ്പിൽ നായയെ കൊണ്ടുവന്നതിന്റെ പേരിൽ തനിക്കെതിരെ മുൻപ് ഇത്തരം നീക്കങ്ങൾ നടന്നത് അവർ ഓർമ്മിപ്പിച്ചു. രാഹുൽ ഗാന്ധിയുടെ അംഗത്വം റദ്ദാക്കണമെന്ന ആവശ്യം യുക്തിക്ക് നിരക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.
രാഹുൽ ഗാന്ധി പാർലമെന്റിൽ നിന്ന് അയോഗ്യനാക്കപ്പെടുന്നത് ഇതാദ്യമായല്ല. 2023 മാർച്ചിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്നതായി കരുതുന്ന ഒരു പരാമർശത്തിന് മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയിരുന്നു.
ജനറൽ നരവാനെയുടെ പുസ്തകം ചോർന്നതുമായി ബന്ധപ്പെട്ട് ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുസ്തകത്തിന്റെ പ്രസാധകരായ പെൻഗ്വിൻ ഇന്ത്യയ്ക്ക് പൊലീസ് നോട്ടീസ് നൽകി. ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് അന്വേഷണം പുരോഗമിക്കുന്നത്.



