കൊൽക്കത്ത- വിവാദമായ വഖഫ് ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം അക്രമാസക്തമായതോടെ പശ്ചിമ ബംഗാളിൽ മൂന്നു പേർ കൊല്ലപ്പെട്ടു. മുർഷിദാബാദ് ജില്ലയിലാണ് മൂന്ന് പേർ കൊല്ലപ്പെട്ടത്. രണ്ട് പേർ ഏറ്റുമുട്ടലുകളിലും ഒരാൾ വെടിവയ്പ്പിലുമാണ് കൊല്ലപ്പെട്ടതെന്ന് നിയമ, ക്രമസമാധാന വിഭാഗം അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) ജാവേദ് ഷമീം പറഞ്ഞു. ജംഗിപൂരിൽ കേന്ദ്ര സേനയെ വിന്യസിക്കാൻ കൽക്കട്ട ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച് ഉത്തരവിട്ടു. മുർഷിദാബാദിൽ നടന്ന അക്രമണവുമായി ബന്ധപ്പെട്ട് ഇതോടകം 118 പേരെ പോലീസ് പിടികൂടി.
അതിനിടെ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി വഖഫ് (ഭേദഗതി) നിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചു.
“ഈ വിഷയത്തിൽ ഞങ്ങൾ ഞങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട് – ഞങ്ങൾ ഈ നിയമത്തെ പിന്തുണയ്ക്കുന്നില്ല. ഈ നിയമം ഞങ്ങളുടെ സംസ്ഥാനത്ത് നടപ്പിലാക്കില്ല. അപ്പോൾ കലാപം എന്തിനെക്കുറിച്ചാണെന്നും അവർ ചോദിച്ചു.
വഖഫ് നിയമത്തിനെതിരായ പ്രതിഷേധങ്ങളുടെ പേരിൽ സംസ്ഥാനത്തെ നിരവധി പ്രദേശങ്ങളിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രതിഷേധം പുകയുകയാണ്. കേന്ദ്ര സർക്കാരാണ് നിയമം നടപ്പിലാക്കിയതെന്നും മതത്തിന്റെ രാഷ്ട്രീയ ദുരുപയോഗത്തിനെതിരെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മമത ബാനർജിയുടെ അനന്തരവൻ എംപി അഭിഷേക് ബാനർജിയും ശാന്തത പാലിക്കാൻ അഭ്യർത്ഥിച്ചു, ചില ശക്തികൾ “ബംഗാളിൽ അശാന്തി പടർത്താൻ” ശ്രമിക്കുന്നുണ്ടെന്ന് അവകാശപ്പെട്ടു.
വികസന വിഷയത്തിൽ രാഷ്ട്രീയമായി നമ്മളോട് പോരാടുന്നതിൽ പരാജയപ്പെട്ടതിന് ശേഷം, മതത്തിന്റെ പേരിൽ ഭിന്നത വിതച്ച് ബംഗാളിൽ അശാന്തി പടർത്താൻ പലരും ശ്രമിക്കുന്നു. സമാധാനം നിലനിർത്താനും ബംഗാളിന്റെ ഐക്യത്തിന്റെ പൈതൃകം ഉയർത്തിപ്പിടിക്കാനും ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. നാമെല്ലാവരും ജാഗ്രതയും അവബോധവും പുലർത്തണം. ബംഗാൾ കത്തിക്കണമെന്ന് ചിലർ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതിഷേധങ്ങളുടെ പേരിൽ ക്രമസമാധാനം തകർക്കാനുള്ള ശ്രമങ്ങളെ സംസ്ഥാന പോലീസ് വെച്ചുപൊറുപ്പിക്കില്ലെന്ന് പോലീസ് ജനറൽ രാജീവ് കുമാർ പ്രക്ഷോഭകർക്ക് മുന്നറിയിപ്പ് നൽകി. മുർഷിദാബാദിൽ നിയമവാഴ്ച കർശനമായി നടപ്പിലാക്കണമെന്ന് സംസ്ഥാന ബിജെപി പ്രസിഡന്റ് സുകാന്ത മജുംദാർ സർക്കാരിനോട് ആവശ്യപ്പെട്ടു.