ഗുർദാസ്പൂർ– കഴിഞ്ഞ ദിവസങ്ങളിലായി ഹിമാലയത്തിലും ജമ്മുകശ്മീരിലുമുണ്ടായ ശക്തമായ മഴമൂലം പഞ്ചാബിൽ പ്രളയം. നാല് ദിവസത്തോളമായി ഭാഗികമായി വെള്ളത്തിൽ മുങ്ങിയ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ കുടുങ്ങിയ അമ്മയെയും 15 ദിവസം പ്രായമുള്ള കുഞ്ഞിനെയും സൈന്യം രക്ഷപ്പെടുത്തി. പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ച മാത്രമേ ആയിരുന്നുള്ളൂ.
ഗുർദാസ്പൂർ ജില്ലയിലെ ധൻഗായ് ഗ്രാമത്തിലായിരുന്നു സംഭവം. ശനിയാഴ്ച അമ്മയും കുഞ്ഞും കുടുങ്ങിയ വിവരം സൈന്യത്തിന് ലഭിച്ചതിനെ തുടർന്ന് ആർമിയുടെ ഖർഗ കോർപ്‌സിലെ സാർപ്പേഴ്‌സ് ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തിച്ചേർന്നു. താൽക്കാണിക കോണി ഉപയോഗിച്ചാണ് അമ്മയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തിയത്. 15 കിലോമീറ്ററോളം വെള്ളം കയറിയ വഴികളിലൂടെ സഞ്ചരിച്ചാണ് സൈന്യം ഇരുവരെയും കുടുംബാംഗങ്ങളുടെ അടുത്ത് എത്തിച്ചത്.
സത്ലുജ്, ബിയാസ്, രവി നദികളും നിരവധി അണക്കെട്ടുകൾ നിറഞ്ഞതായും റിപ്പോർട്ടുണ്ട്. ഗുർദാസ്പൂർ, പഠാൻകോട്ട്, ഫാസിൽക, കപൂർത്തല, തർൻ താരൻ, ഫിറോസ്പൂർ, ഹോഷിയാർപൂർ, അമൃത്സർ എന്നീ ജില്ലകളിലെ ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ഏറ്റവും കൂടുതൽ ബാധിച്ചത്. ഇന്ത്യൻ ആർമിയും, എൻഡിആർഎഫ്, ബിഎസ്എഫ്, പഞ്ചാബ് പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.