ചെന്നൈ- തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷൻ കെ അണ്ണാമലൈ ഉടൻ സ്ഥാനമൊഴിയുമെന്ന് റിപ്പോർട്ടുകൾ. 2026 നിയമസഭാ തിരഞ്ഞെടുപ്പിൻ മുന്നോടിയായി ബിജെപിയും അണ്ണാ ഡി.എം.കെയും (എ.ഐ.എ.ഡി.എം.കെ) വീണ്ടും സഖ്യ ചർച്ചകൾ ആരംഭിച്ച സാഹചര്യത്തിലാണ് പുതിയ നീക്കങ്ങൾ.2024 ലോക്‌സഭാ തിരഞ്ഞടുപ്പിന് അണ്ണാമലയുടെയും ഡിഎംകെയുടെയുടെ നേതാക്കളുടെയും അഭിപ്രായ വ്യത്യാസങ്ങൾ സഖ്യം പിരിയാൻ കാരണമായിരുന്നു. ഇപ്പോഴത്തെ ചർച്ചകൾക്ക് മുന്നോടിയായ് അണ്ണാമലയെ മാറ്റണമെന്ന ആവശ്യം അണ്ണാഡിഎംകെ നേതാക്കൾ ഉയർത്തിയതായി റിപ്പോർട്ടുകളുണ്ട്.
അണ്ണാമലൈ ദൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തമിഴ്‌നാട്ടിലെ ബി.ജെ.പി പ്രവർത്തനം, പാർട്ടിയുടെ ഭാവി തന്ത്രങ്ങൾ എന്നിവ ചർച്ചചെയ്തതിനൊപ്പം, സംസ്ഥാന ഘടകത്തിലെ ആന്തരിക പ്രശ്‌നങ്ങൾക്കും പരിഹാരമാർഗങ്ങൾ തേടിയതായാണ് റിപ്പോർട്ട്. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് അണ്ണാമലെയുടെ സ്ഥാനമാറ്റം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായത്.
അണ്ണാമലൈക്ക് പകരം ബി.ജെ.പി നിയമസഭാ നേതാവും മുൻ മന്ത്രി കൂടിയായ നൈനാർ നാഗേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഗൗഡർ സമുദായത്തിൽപ്പെട്ട അണ്ണാമലയെ മാറ്റി, തെക്കൻ തമിഴ്‌നാട്ടിലെ തേവർ സമുദായ പിന്തുണയുളള നാഗേന്ദ്രനെ കൊണ്ടുവരുന്നതിലൂടെ അണ്ണാഡിഎംകെയുമായുളള ബന്ധം കൂടുതൽ മെച്ചപ്പെടുത്താനാകുമെന്നാണ് വിലയിരുത്തൽ. അണ്ണാമലൈ സ്ഥാനമൊഴിയുന്നതിനെക്കുറിച്ച് ബി.ജെ.പി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ, ദേശീയതലത്തിൽ ബി.ജെ.പി അധ്യക്ഷ സ്ഥാനത്തും മാറ്റങ്ങൾ പ്രതീക്ഷിക്കപ്പെടുന്ന പശ്ചാത്തലത്തിൽ, തമിഴ്‌നാട്ടിലും സമാനനീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു.