ന്യൂദൽഹി: ഇന്ത്യൻ വിമാനക്കമ്പനികൾക്ക് തങ്ങളുടെ വ്യോമപരിധി പാക്കിസ്ഥാൻ അടച്ചുപൂട്ടിയതിനെത്തുടർന്ന് എയർ ഇന്ത്യക്ക് 600 മില്യൺ ഡോളർ വരെ അധിക ചെലവെന്ന് റിപ്പോർട്ട്. രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വ്യോമാതിർത്തി അടച്ചിടുന്നത് തുടർന്നാൽ, അടുത്ത വർഷത്തേക്ക് ചെലവ് ഇനിയും കൂടുമെന്നും റിപ്പോർട്ടിലുണ്ട്. കൂടുതൽ പറക്കൽ സമയം ആവശ്യമായി വരുന്നതും യാത്രക്കാരെ ബാധിക്കും. നിരോധനം തുടർന്നാൽ ഓരോ വർഷവും 591 മില്യൺ ഡോളറിന്റെ നഷ്ടമായിരിക്കും എയർ ഇന്ത്യക്ക് നേരിടേണ്ടി വരിക. നഷ്ടം നികത്താൻ സബ്സിഡി അനുവദിക്കണമെന്ന് എയർ ഇന്ത്യ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യോമപാത നിരോധനം എടുത്തുകളഞ്ഞാൽ സബ്സിഡി നീക്കം ചെയ്യാമെന്നും കത്തിൽ പറയുന്നു.
“വ്യോമമേഖല അടച്ചുപൂട്ടൽ, അധിക ഇന്ധന ചെലവ്, കൂടുതൽ ജീവനക്കാരുടെ ആവശ്യം തുടങ്ങിയ കാരണങ്ങളാൽ എയർ ഇന്ത്യ കൂടുതൽ പ്രതിസന്ധി നേരിടുകയാണെന്നും കത്തിലുണ്ടെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
പാക് വ്യോമമേഖല അടച്ചത് തങ്ങളുടെ ചില വിമാനങ്ങളെയും ബാധിച്ചതായി ഇൻഡിഗോ പറഞ്ഞു. ന്യൂദൽഹി-ബാക്കു (അസർബൈജാനിൽ) വിമാനം അഞ്ച് മണിക്കൂറും 43 മിനിറ്റും എടുത്താണ് യാത്ര ചെയ്തത്. പതിവിലും 38 മിനിറ്റ് കൂടുതലാണിത്. ലക്ഷ്യസ്ഥാനത്ത് എത്താൻ സാധാരണയായി പാകിസ്ഥാന് മുകളിലൂടെ പറക്കുന്ന അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം കൂടുതലായതിനാൽ എയർ ഇന്ത്യയെ ഈ ആഘാതം കൂടുതൽ ബാധിക്കാൻ സാധ്യതയുണ്ട്. ദൽഹി-മിഡിൽ ഈസ്റ്റ് വിമാനങ്ങൾ ഇപ്പോൾ കുറഞ്ഞത് ഒരു മണിക്കൂർ അധികം പറക്കേണ്ടതായി വരുന്നുണ്ട്.