ന്യൂഡൽഹി: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി നടൻ സിദ്ദിഖ് സുപ്രിം കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയുടെ ഓഫീസ് മുഖേന മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്.
150 ഓളം പേജുള്ള ഹരജിയിൽ ഹൈക്കോടതി വിധിയിൽ ചില പിഴവുകളുണ്ടെന്ന് ആരോപിച്ചു. പീഡന ആരോപണം ഉണ്ടായി എട്ടു വർഷത്തിനുശേഷമാണ് നടിയുടെ പരാതിയെന്നും ഹരജിയിലുണ്ട്. ഹരജി വെള്ളിയാഴ്ച പരിഗണിച്ചേക്കുമെന്നാണ് സിദ്ദിഖിന്റെ നിയമസംഘത്തിന്റെ പ്രതീക്ഷ.
ഒളിവിൽ കഴിയുന്ന നടനെ കണ്ടെത്താനായി പോലീസ് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെയും ഫലമുണ്ടായില്ല. ഇന്നലെ ഹൈക്കോടതി വിധി വന്നതോടെ ഓഫ് മോഡിലായിരുന്ന ഫോൺ ഇന്ന് ഒരുതവണ ഓണായെങ്കിലും പിന്നീട് വീണ്ടും സ്വിച്ച്ഓഫ് ആയി. ടവർ ലൊക്കേഷൻ അടക്കം നോക്കി സിദ്ദിഖിനായി പോലീസ് തിരിച്ചിൽ തുടരുകയാണ്. പ്രത്യേക അന്വേഷണസംഘത്തിന് പുറമേ കൊച്ചി സിറ്റി പോലീസും എറണാകുളം റൂറൽ പോലീസും സ്‌പെഷ്യൽ ബ്രാഞ്ചും അന്വേഷണവുമായി രംഗത്തുണ്ട്.
അതിനിടെ, സിദ്ദിഖിനെതിരെ തടസ്സ ഹരജിയുമായി അതിജീവിതയും പിന്നാലെ സംസ്ഥാന സർക്കാരും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. തങ്ങളുടെ വാദം കേൾക്കാതെ തീരുമാനം എടുക്കരുതെന്നാണ് ഇരുകൂട്ടരും സമർപ്പിച്ച ഹരജിയിലുള്ളത്. നടനെതിരെ ഗുരുതരമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ അട്ടിമറിച്ച് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യതകളും ചൂണ്ടിക്കാണിക്കപ്പെടുന്നു.