ന്യൂദൽഹി- ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ തലവൻ അബ്ദുൽ റഊഫ് അസ്ഹർ ഇന്ത്യയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഓപ്പറേഷൻ സിന്ദൂരിലാണ് റഊഫ് അസ്ഹർ കൊല്ലപ്പെട്ടത്. കാണ്ഡഹാർ വിമാന റാഞ്ചലിലെ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരനുമാണ് അബ്ദുൽ റഊഫ് അസ്ഹർ. ഇയാളെ അമേരിക്ക ആഗോള ഭീകരനായി പ്രഖ്യാപിച്ചയാളാണ്.
ഇന്ത്യൻ സായുധ സേന ബഹാവൽപൂരിലും മുറിദ്കെയിലും നടത്തിയ ആക്രമണത്തിൽ വർഷങ്ങളായി ഇന്ത്യൻ രക്തം ചൊരിയുകയും ഇന്ത്യയ്ക്ക് പരിക്കേൽപ്പിക്കുകയും ചെയ്ത രണ്ട് ഭീകര സംഘടനകളായ ജെയ്‌ഷെയുടെയും ലഷ്‌കറിന്റെയും ആസ്ഥാനം നശിപ്പിച്ചുവെന്നും സൈന്യം അറിയിച്ചു.
ബഹാവൽപൂർ ആക്രമണങ്ങളിൽ മസൂദ് അസ്ഹറിന്റെ 10 കുടുംബാംഗങ്ങളെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തിയതായി ഇന്നലെ ഇന്ത്യ അറിയിച്ചിരുന്നു. റഊഫ് അസ്ഹറിനെ കൊലപ്പെടുത്തിയ കാര്യം ഇന്നാണ് ഇന്ത്യ സ്ഥിരീകരിച്ചത്.