ന്യൂയോർക്ക്– യു.എൻ രക്ഷാസമിതി ചർച്ചയിൽ പാകിസ്താൻ പ്രതിനിധിയുടെ ആരോപണങ്ങൾക്ക് ഇന്ത്യയുടെ മറുപടി. കശ്മീരിൽ സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമങ്ങൾ നടക്കുന്നുവെന്ന പാകിസ്താൻ്റെ പരാമർശത്തെ ഇന്ത്യ രൂക്ഷമായി വിമർശിച്ചു. പാകിസ്താൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരിഷ് ആരോപിച്ചു. “സ്വന്തം ജനതയെ ബോംബിട്ട് കൊല്ലാൻ പട്ടാളത്തിന് അനുമതി നൽകിയ രാജ്യമാണ് പാകിസ്താൻ,” അദ്ദേഹം കുറ്റപ്പെടുത്തി.
സ്ത്രീകൾ, സമാധാനം, സുരക്ഷ എന്നിവയെക്കുറിച്ചുള്ള ചർച്ചയിലാണ് പാകിസ്താൻ പ്രതിനിധി സൈമ സലിം കശ്മീരിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ആരോപിച്ചത്. യു.എൻ മനുഷ്യാവകാശ കമീഷനും ആംനെസ്റ്റി ഇന്റർനാഷനലും ഹ്യൂമൻ റൈറ്റ്സ് വാച്ചും ഇത് രേഖപ്പെടുത്തിയിട്ടുണ്ടെന്നും, മാധ്യമപ്രവർത്തകർക്കെതിരെയും അതിക്രമങ്ങൾ നടക്കുന്നുവെന്നും അവർ വാദിച്ചു.
ഇതിനോട് പ്രതികരിച്ച പർവതനേനി ഹരിഷ്, ഇന്ത്യയുടെ സ്ത്രീ സുരക്ഷാ പ്രവർത്തനങ്ങൾ കളങ്കരഹിതമാണെന്ന് ഊന്നിപ്പറഞ്ഞു. 1971ലെ ഓപറേഷൻ സെർച്ച് ലൈറ്റിൽ,ബംഗ്ലാദേശ് പ്രസ്ഥാനം അവസാനിപ്പിക്കാനായി അന്നത്തെ കിഴക്കൻ പാകിസ്താനിൽ സ്വന്തം ജനതയ്ക്കെതിരെ പാകിസ്താൻ സൈന്യം നടത്തിയ വംശഹത്യയും അതിക്രമങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇത്തരം ചരിത്രമുള്ള ഒരു രാജ്യത്തിന് തെറ്റായ ആരോപണങ്ങളിലൂടെ ലോകത്തെ വഴിതെറ്റിക്കാൻ മാത്രമേ കഴിയൂ,” അദ്ദേഹം വ്യക്തമാക്കി.