ന്യൂഡൽഹി: ഷാഹ്‌ദരയിൽ ജനവാസ മേഖലയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒൻപത് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ 3.15-ഓടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിലെ എയർ കണ്ടീഷണർ (AC) പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
രണ്ട്, മൂന്ന്, നാല് നിലകളിലെ ഫ്ലാറ്റുകളിലാണ് തീ പടർന്നത്. പുലർച്ചെ 3.27-ന് വിവരം ലഭിച്ച ഉടൻ തന്നെ 14 ഫയർ ടെൻഡറുകളും എൺപതിലധികം അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി. ഏകദേശം അഞ്ച് മണിക്കൂർ നീണ്ട തീവ്രശ്രമത്തിനൊടുവിൽ രാവിലെ 8 മണിയോടെയാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്. അപകടം നടന്ന കെട്ടിടത്തിൽ നിന്ന് 15-ഓളം പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പരിക്കേറ്റവരെ ഉടൻ തന്നെ ഗുരു തേജ് ബഹാദൂർ ആശുപത്രിയിലേക്ക് മാറ്റി. പുക ശ്വസിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണമായതെന്ന് കരുതപ്പെടുന്നു. അഗ്നിശമന സേനയ്‌ക്കൊപ്പം ഡൽഹി പോലീസും ദുരന്ത നിവാരണ സേനയും (DDMA) രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്നു.
എസി സ്ഫോടനമാണ് തീപിടുത്തത്തിന് കാരണമെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും, പോലീസ് അന്വേഷണം തുടരുകയാണ്. പുലർച്ചെ 3.13-ന് വലിയ സ്ഫോടന ശബ്ദത്തോടെയാണ് തീ പടർന്നത്. 3.35-ഓടെ അഗ്നിശമന സേന സ്ഥലത്തെത്തി എന്ന് ദൃക്സാക്ഷിയായ രോഹിത് പറഞ്ഞു. ഷോർട്ട് സർക്യൂട്ടാണോ അതോ എസിയിലെ തകരാറാണോ സ്ഫോടനത്തിന് വഴിവെച്ചതെന്ന് കണ്ടെത്താൻ ഫോറൻസിക് പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



