കട്‌നി, മധ്യപ്രദേശ്: മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇൻഡോർ ബെഞ്ചിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷക അർച്ചന തിവാരിയെ (29) ട്രെയിൻ യാത്രക്കിടെ കാണാതായി. രക്ഷാബന്ധൻ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനു വേണ്ടി ഇൻഡോറിലെ ഹോസ്റ്റലിൽ നിന്ന് തന്റെ ജന്മനാടായ കട്‌നിയിലേക്ക് നർമദ എക്‌സ്പ്രസിൽ യാത്രയാരംഭിച്ച അർച്ചന പന്ത്രണ്ട് മണിക്കൂർ നീണ്ട യാത്രക്കിടെ അപ്രത്യക്ഷയാവുകയായിരുന്നു. ഇറങ്ങേണ്ട കട്‌നി സൗത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ അർച്ചന യാത്ര ചെയ്ത ബി 3-ലെ മൂന്നാം നമ്പർ ബർത്തിൽ രാഖിയും കുട്ടികൾക്കുള്ള സമ്മാനങ്ങളുമടങ്ങുന്ന ബാഗ് മാത്രമാണ് ഉണ്ടായിരുന്നത്. ആഗസ്ത് 6-ലെ തിരോധാനം സംബന്ധിച്ച് മധ്യപ്രദേശ് പൊലീസ് സംസ്ഥാനത്തും പുറത്തും തെരച്ചിൽ ഊർജിതമാക്കി.
ഇൻഡോറിൽ നിന്ന് യാത്രയാരംഭിച്ച ആഗസ്ത് 5-ന് രാത്രി 10:16-ന് അർച്ചന തന്റെ അമ്മായിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതായിരുന്നു അവരുടെ ഫോണിൽ നിന്നുള്ള അവസാന സംഭാഷണം. സംസാരത്തിനിടെ ഭോപ്പാലിനടുത്തെത്തിയെന്ന് അർച്ചന പറഞ്ഞിരുന്നു. ഫോണിന്റെ അവസാന ഡിജിറ്റൽ സിഗ്‌നൽ നർമദാപുരം ജില്ലയിലെ നർമദ റെയിൽവേ പാലത്തിനടുത്തുള്ള ഒരു ടവറിൽ നിന്നാണ് രേഖപ്പെടുത്തിയത്. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. ഇറ്റാർസി റെയിൽവേ സ്റ്റേഷനിൽ അർച്ചനയെ കണ്ടതായി സാക്ഷികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇറ്റാർസിക്കും കട്‌നിക്കുമിടയിൽ അർച്ചനയ്ക്ക് എന്ത് സംഭവിച്ചു എന്ന കാര്യമാണ് അജ്ഞാതമായി തുടരുന്നത്. ട്രെയിൻ അടുത്ത ദിവസം രാവിലെ കട്‌നി സൗത്ത് സ്റ്റേഷനിൽ എത്തിയപ്പോൾ, അർച്ചനയെ സ്വീകരിക്കാൻ കുടുംബം പ്ലാറ്റ്‌ഫോമിൽ കാത്തുനിന്നിരുന്നു. അർച്ചനയെ കാണാത്തതിനെ തുടർന്ന് കോച്ചിൽ നടത്തിയ പരിശോധനയിലാണ് ബാഗ് കണ്ടെത്തിയത്.
അർച്ചന തിവാരിയുടെ തിരോധാനം മധ്യപ്രദേശിലും മറ്റു സംസ്ഥാനങ്ങളിലും ഊർജിതമായ തെരച്ചിലിന് കാരണമായിട്ടുണ്ട്. ഗവൺമെന്റ് റെയിൽവേ പോലീസും (ജിആർപി) പ്രാദേശിക നിയമപാലകരും റെയിൽവേ ശൃംഖലകൾ, സ്റ്റേഷനുകൾ, സമീപ പ്രദേശങ്ങൾ എന്നിവ തിരയാൻ ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഇറ്റാർസി റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് അർച്ചനയെ ട്രെയിനിൽ കണ്ടതെന്ന് സാക്ഷിമൊഴികളുണ്ടെന്ന ജിആർപി സൂപ്രണ്ട് രാഹുൽ കുമാർ ലോധ പറഞ്ഞു.
റാണി കമലാപതി, ഇറ്റാർസി, കട്‌നി സ്റ്റേഷനുകളിൽ നിന്നും സമീപ റോഡുകളിൽ നിന്നും ഇൻഡോറിലെ അവരുടെ ഹോസ്റ്റലിൽ നിന്നുമുള്ള സിസിടിവി ദൃശ്യങ്ങൾ അധികൃതർ വിശകലനം ചെയ്‌തെങ്കിലും കാര്യമായ സൂചനകൾ ലഭിച്ചില്ല. ഹോസ്റ്റലിൽ നിന്ന് അർച്ചന ഓഗസ്റ്റ് 5-ന് ബാഗുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്ന ഒരു സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. ട്രെയിനിൽ നിന്ന് വീണതായിരിക്കാം എന്ന നിഗമനത്തിൽ ഹോം ഗാർഡും മധ്യപ്രദേശ് സംസ്ഥാന ദുരന്ത നിവാരണ സേനയും നർമദ നദിയിൽ തിരച്ചിൽ നടത്തുന്നുണ്ട്.
ഇക്കാര്യത്തിൽ തെരച്ചിൽ നടത്താനും വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് കൈമാറാനും റെയിൽവേ സ്റ്റേഷനുകൾ, ബസ് ഡിപ്പോകൾ, ട്രാവൽ ഏജൻസികൾ എന്നിവിടങ്ങളിലേക്ക് നിർദേശം നൽകിയിട്ടുണ്ട്. എന്തെങ്കിലും വിവരം നൽകുന്നവർക്ക് 51,000 രൂപ പ്രതിഫലം നൽകുമെന്ന് കട്‌നി യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ദിവ്യാൻഷു പ്രഖ്യാപിച്ചു.
അർച്ചനയുടെ അപ്രത്യക്ഷതയുടെ സാഹചര്യങ്ങൾ നിരവധി അഭ്യൂഹങ്ങൾക്ക് കാരണമായിട്ടുണ്ട്. യാത്രയ്ക്കിടെ സ്വമേധയാ ഇറങ്ങിപ്പോയതാകാമെന്നും ആരെങ്കിലും തട്ടിക്കൊണ്ടു പോയതാകാമെന്നും അബദ്ധത്തിൽ വീണതാകാമെന്നുമുള്ള നിഗമനങ്ങൾ ശക്തമാണ്. രക്ഷാബന്ധൻ സമയത്ത് സ്‌റ്റേഷനിൽ തിരക്ക് ഏറെയുള്ളതിനാൽ തട്ടിക്കൊണ്ടുപോകാൻ സാധ്യതയില്ലെന്നാണ് പൊലീസ് കരുതുന്നത്.