സൂചികൊണ്ട് എടുക്കേണ്ടത് തൂമ്പകൊണ്ട് എടുക്കേണ്ട അവസ്ഥ’യിൽ ആകുമ്പോഴാണ് പലരും ആശുപത്രിയില്‍ ചികിത്സ തേടുക. പ്രത്യേകിച്ച് ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക്. ഇന്നാണ് ലോക ഹൃദയ ദിനം. ഹൃദയത്തെ പരിപാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ലോക ഹൃദയ ദിനം.
ഹൃദയസംബന്ധമായ അസുഖങ്ങളെ കുറിച്ചും അവയെ ഫലപ്രദമായി ചെറുക്കുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ വേൾഡ് ഹാർട്ട് ഫെഡറേഷൻ ആണ് ഈ ദിനം ആചരിക്കുന്നത്. “Don’t Miss a Beat”എന്നതാണ് ഈ വർഷത്തെ ലോക ഹൃദയദിന സന്ദേശം.
ആഗോള മരണനിരക്കിന്റെ 31 ശതമാനവും ഹൃദ്‌രോഗം മൂലമാണ് മരണപ്പെടുന്നത്. ഇന്ത്യയിലും കഴിഞ്ഞ വർഷങ്ങളിൽ ഹൃദ്‌രോഗം ബാധിക്കുന്നവരുടെ നിരക്ക് ക്രമാതീതമായി വർധിക്കുകയാണ്. 50 വയസ്സിന് താഴെയുള്ള 25% ആളുകളും ഹൃദയ സംബന്ധമായ അസുഖങ്ങൾ അനുഭവിക്കുന്നതായി ആരോഗ്യ വിദഗ്ധർ പറയുന്നു
ലക്ഷണങ്ങളില്ലെങ്കിൽ പോലും പതിവ് ഹൃദയ പരിശോധനങ്ങൾ പ്രധാനമാണ്. ഇന്ത്യയിലെ ഹൃദ്‌രോഗികളുടെ എണ്ണത്തിലെ വർധനവിൽ ഭക്ഷണക്രമം ഒരു വലിയ പങ്കു വഹിക്കുന്നുണ്ട്. കൊഴുപ്പുകൂടിയതും അമിതമായി എണ്ണ ഉപയോഗിക്കുന്ന ഭക്ഷണവും നമ്മുടെ ജീവിതശൈലിയുടെ ഭാഗമാണ്. ഇതിൻ്റെ കൂടെ മദ്യപാനവും പുകവലിയും പോലുള്ള ശീലങ്ങൾ കൂടി ഉണ്ടെങ്കിൽ ഹൃദ്‌രോഗത്തിനുള്ള സാധ്യത വർധിക്കുന്നു.
നെഞ്ച് വേദന, അസ്വസ്ഥത, ശ്വാസതടസ്സം, കടുത്ത ക്ഷീണവും തളർച്ചയും, മുഖത്തോ കൈകാലുകളിലോ മരവിപ്പ് എന്നിങ്ങനെ നീളുന്നു ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങൾ. ഉയർന്ന രക്തസമ്മർദം ഹൃദ്രോഗങ്ങൾക്കും ഹൃദയാഘാതത്തിനുമുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണമാണ്. ആരോഗ്യമുള്ള മുതിർന്നവർ കുറഞ്ഞത് രണ്ട് വർഷത്തിലൊരിക്കലെങ്കിലും അവരുടെ രക്തസമ്മർദ്ദം പരിശോധിക്കണം.
ആരോഗ്യകരമായ ജീവിതക്രമം പാലിക്കുന്നത് ഹൃദ്‌രോഗത്തെ പ്രതിരോധിക്കാൻ ഒരു പരിധിവരെ സഹായിക്കും.